

മോഹൻലാലിനെ നായകനാക്കി ആഷിഖ് ഉസ്മാൻ നിർമിക്കുന്ന സിനിമയുടെ സംവിധായകനെ ഓസ്റ്റിൻ ഡാൻ തോമസിനെ മാറ്റി. ‘എൽ-365’ എന്ന താത്കാലികമായി പേരിട്ട ചിത്രം മോഹൻലാലിന്റെ സിനിമാജീവിതത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻനേടി സിനിമയായ തുടരും ഒരുക്കിയ തരുൺമൂർത്തി സംവിധാനം ചെയ്യും. ആഷിഖ് ഉസ്മാൻ തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ആഷിഖ് ഉസ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ് മോഹൻലാൽ ഷെയർ ചെയ്തിട്ടുമുണ്ട്. സംവിധായകനെ മാറ്റാനുള്ള കാരണം വ്യക്തമല്ല.
'ഒരു കഥപറച്ചിലുകാരനും ഒരു ഇതിഹാസവും വീണ്ടും കണ്ടുമുട്ടുമ്പോൾ,—ഒരു പ്രപഞ്ചം വീണ്ടും ഉണരുന്നു. ‘തുടരു’മിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒരു പുതിയ യാത്രയ്‌ക്ക് തുടക്കമിടുന്നു;ആഷിഖ് ഉസ്മാന്റെ ദർശനത്തിനൊപ്പം...നിങ്ങളുടെ അനുഗ്രഹങ്ങളോടെ ഞങ്ങൾ വീണ്ടും ഹൃദയങ്ങളുടെയും ചക്രവാളങ്ങളുടെയും കഥ നെയ്തുതുടങ്ങുന്നു.' എന്ന കുറിപ്പിനൊപ്പമാണ് തരുൺമൂർത്തിയ്ക്കും മോഹൻലാലിനുമൊപ്പമുള്ള ഫോട്ടോ ആഷിഖ് ഉസ്മാൻ പങ്കുവെച്ചത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവി,ഛായാഗ്രാഹകൻ ഷാജികുമാർ എന്നിവരും ഫോട്ടോയിലുണ്ട്.
നവാഗതനായ ഓസ്റ്റിൻ ഡാൻ തോമസ് ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗർണമിയും’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനായ ഓസ്റ്റിൻ ഡാൻ തോമസ്, ‘അഞ്ചാംപാതിര’യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായിരുന്നു. ജൂലായിലാണ് ‘എൽ-365’ ചിത്രം പ്രഖ്യാപിച്ചത്. ആഷിഖ് ഉസ്മാൻ, ഡാൻ ഓസ്റ്റിൻ തോമസ്,രതീഷ് രവി,എന്നിവർക്കൊപ്പമുള്ള ചിത്രവുമായി മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. വാഷ്ബേസിനരികെ ഊരിയിട്ട കാക്കിക്കുപ്പായത്തിന്റെ ചിത്രമുള്ള പോസ്റ്ററും പുറത്തിറക്കിയിരുന്നു.
മോഹൻലാൽ വർഷങ്ങൾക്കുശേഷം പോലീസ് വേഷത്തിൽ എത്തുന്നു എന്നതായിരുന്നു എൽ365 നെ ശ്രദ്ധേയമാക്കിയത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രവുമാണിത്. പ്രഖ്യാപനത്തിനുശേഷം ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോകുന്നുണ്ടായിരുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും നിർമാതാവ് അറിയിച്ചിരുന്നു.
ഇതിനിടെ ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി ബിനു പപ്പു എത്തി. 'തുടരും' സിനിമയിൽ തരുൺ മൂർത്തിക്കൊപ്പം ബിനു പപ്പു ആയിരുന്നു പ്രധാന സഹസംവിധായകൻ. ഈ സിനിമയുടെ ക്യാമറാമാനായ ഷാജി കുമാർ തന്നെ എൽ 365നും ക്യാമറ ചലിപ്പിക്കും എന്ന വാർത്തയാണ് ഏറ്റവുമൊടുവിൽ പുറത്തുവന്നത്. സംവിധായകനെ മാറ്റിയതായുള്ള അഭ്യൂഹങ്ങൾ തിങ്കളാഴ്ച രാവിലെ മുതൽ സിനിമാമേഖലയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. വൈകുന്നേരത്തോടെ ഇതിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായി.
'തുടരും' ടീം വീണ്ടും ഒന്നിക്കുമെന്ന് ചിത്രത്തിന്റെ വിജയാഘോഷവേളയിൽ പ്രഖ്യാപനമുണ്ടായിരുന്നു. ഫഹദ്ഫാസിൽ,നസ്ലിൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ടോർപ്പിഡോ' എന്ന സിനിമയാകും തരുൺ മൂർത്തി അടുത്തതായി സംവിധാനം ചെയ്യുക എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വാർത്തകൾ. ഈ ചിത്രവും ആഷിഖ് ഉസ്മാനാണ് നിർമിക്കുന്നത്. അതിനുശേഷം രജപുത്ര നിർമിക്കുന്ന 'തുടരും' ടീമിന്റെ സിനിമയിൽ മോഹൻലാലും തരുൺമൂർത്തിയും വീണ്ടും ഒന്നിക്കും എന്ന് എല്ലാവരും കരുതിയിരിക്കെയാണ് അപ്രതീക്ഷിതമായി 'എൽ 365' സംവിധായകനായി തരുൺമൂർത്തിയെത്തുന്നത്.