

ഛായാഗ്രാഹകൻ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'സെറ' എന്ന് പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. നീല നിറത്തിലുള്ള പ്രകാശമാനമായ ഡിസൈനും നന്ദി സൂചിപ്പിക്കുന്ന ചെറിയ പിങ്ക് ഹാര്‍ട്ടും ഉള്ള ഒരു സ്ത്രീയുടെ കണ്ണിന്റെ ക്ലോസ്-അപ്പ് രൂപമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.
'2018', 'രേഖാചിത്രം' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ നിര്‍മിച്ച വേണു കുന്നപ്പിള്ളി കാവ്യ ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അശ്വിന്‍ പ്രകാശ്, ശ്രീജിത്ത് കെ, എല്‍സണ്‍ ബിശ്വാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സാഗര്‍ സൂര്യയോടൊപ്പം അശ്വിന്‍ ജോസ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സര്‍ജാനോ ഖാലിദ്, മെന്റലിസ്റ്റ് ആദി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സിനിമയുടെ കഥയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സുജിത് വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. ലിജോ പോള്‍ എഡിറ്റിങ്ങും ഡോണ്‍ വിന്‍സെന്റ് സംഗീതവും കൈകാര്യം ചെയ്യുന്നു.