

കമ്യൂണിസ്റ്റുകാരനായിരുന്നു ശ്രീനിവാസന്റെ അച്ഛൻ. പക്ഷേ സിനിമയിലെത്തിയപ്പോൾ നിശിതമായ രാഷ്ട്രീയവിമർശനം കൊണ്ട് എല്ലാ പാർട്ടികളെയും തുറന്നുകാട്ടുകയായിരുന്നു ശ്രീനി. 'സന്ദേശം' എന്ന ഒറ്റ സിനിമ കൊണ്ട് മലയാളസിനിമയിൽ ശ്രീനിവാസൻ സൃഷ്ടിച്ചത് പൊളിറ്റിക്കൽ സറ്റയറിന്റെ സമാനതകളില്ലാത്ത ദൃശ്യരൂപമാണ്. 'സന്ദേശ'ത്തിലെ കുമാരപിള്ള സാറിനോട് പാർട്ടി പ്രവർത്തകനായ ഉത്തമൻ മൂന്നുപതിറ്റാണ്ടിനുമുമ്പ് ചോദിച്ച ചോദ്യം കഴിഞ്ഞദിവസം തദ്ദേശ സ്വയംഭരണതിരഞ്ഞെടുപ്പിനുശേഷവും കേട്ടു: 'എന്തുകൊണ്ട് നമ്മൾ തോറ്റു?'രാഷ്ട്രീയത്തെക്കുറിച്ച് ശ്രീനിവാസൻ ഒരിക്കൽ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെ:
'സന്ദേശം' എന്ന സിനിമയിൽ വ്യക്തമായി പറയുന്നുണ്ട്, രാഷ്ട്രീയം നല്ല ആളുകളുടെ കൈകളിലെത്തുമ്പോഴാണു നല്ലതാകുന്നത് എന്ന്. എനിക്കു രാഷ്ട്രീയമുണ്ട്. അതൊരിക്കലും മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല. മതനിരപേക്ഷവുമാണത്. ഒരു മതത്തിലും ഞാൻ വിശ്വസിക്കുന്നില്ല. മതത്തിന്റെ പിന്നിൽ അണിനിരക്കാനുള്ള ആഹ്വാനങ്ങളെ പുച്ഛിച്ചുതള്ളാനാണ് ഇഷ്ടപ്പെടുന്നത്.
എന്റെ രാഷ്ട്രീയമെന്നത് ദുരിതമനുഭവിക്കുന്ന സമൂഹത്തെ മാറ്റിമറിക്കാനും ഇവിടെ അധിവസിക്കുന്ന ജനങ്ങൾക്കു ജനാധിപത്യവും സ്വാതന്ത്ര്യവും സമത്വവും പ്രദാനം ചെയ്യാനും കഴിയുന്നതാകണം. നമ്മുടെ നാട്ടിൽ ദുരിതമനുഭവിക്കുന്ന ജനവിഭാഗമാണ് കൂടുതലുള്ളത്. സൗകര്യപൂർവം ജീവിക്കുന്നവർ ന്യൂനപക്ഷവും. ജീവിതസൗകര്യമില്ലാത്തവർക്ക് മറ്റുള്ളവരെപ്പോലെ സമത്വപൂർവം ജീവിക്കാനുള്ള സൗകര്യത്തിനു വേണ്ടിയുള്ളതാവണം രാഷ്ട്രീയം. ജാതിയുടെയോ മതത്തിന്റെയോ സമ്പത്തിന്റെയോ പേരിൽ ആരും പരസ്പരം ചൂഷണം ചെയ്യപ്പെടാത്ത ഒരു സമൂഹത്തിനായുള്ള രാഷ്ട്രീയം. എന്തുകൊണ്ട് ഇത്രയും കാലമായിട്ടും നമ്മൾ ലക്ഷ്യമിടുന്ന സമൂഹത്തിലേക്കു നമുക്കെത്താൻ കഴിയുന്നില്ല? ശ്രീനിവാസൻ എന്ന വ്യക്തിക്കു പ്രതികരിക്കാൻ വേറെ വേദിയില്ല. ഏതു പ്രതികരണത്തെയും അസ്വസ്ഥതയോടുകൂടി നോക്കുന്നതെന്തിനാണ്? പ്രതികരണങ്ങളോടും പരാതികളോടും ക്രിയാത്മകമായി സംവദിക്കുകയും പ്രതികരിക്കുകയുമല്ലേ യഥാർത്ഥത്തിൽ ചെയ്യേണ്ടത്? ഒരു രാഷ്ട്രീയ പാർട്ടിയിലും എനിക്കു വിശ്വാസമില്ല.
എന്റെ തിരക്കഥകൾ ജനങ്ങളെ രസിപ്പിക്കാനുള്ളതാണ്. വിനോദം എന്ന നിലയിലാണു സിനിമയെ സമീപിക്കുന്നത്. എന്നെ വിശ്വസിച്ചു പണമിറക്കുന്ന നിർമാതാവിനെ സംരക്ഷിക്കുക എന്നതും പ്രധാനമാണ്. കലാസൃഷ്ടികൾ സമൂഹത്തെ ഒരുപാടു സ്വാധീനിക്കും മാറ്റിമറിക്കും എന്നൊന്നും വിശ്വസിക്കുന്നില്ല. സമൂഹം മാറ്റത്തിനു വേണ്ടിയുള്ള ഒരു മുന്നേറ്റത്തിൽ ഏർപ്പെടുമ്പോൾ ആ ധാരയിൽ സിനിമയടക്കമുള്ള കലാരൂപങ്ങൾക്ക് ആവേശം പകരാൻ കഴിയുമായിരിക്കും. മറിച്ച്, ഇതുമാത്രം കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. കലാസ്വാദനം എന്നതു ജനങ്ങളെ പാഠം പഠിപ്പിക്കാനുള്ളതാണെന്നു തോന്നുന്നില്ല. എന്റെ തിരക്കഥയിലെ ചില പരാമർശങ്ങൾ ചിലപ്പോൾ രാഷ്ട്രീയത്തിന് എതിരാണെന്ന് വ്യാഖ്യാനിക്കാം എന്നുമാത്രം.