

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയും നിർമാതാവുമായ ഷീലു എബ്രഹാം പുതിയൊരു വേഷപ്പകർച്ചയിലാണ്. കാമറയ്ക്കു മുന്നിലല്ല, മറിച്ച് സംരംഭകയുടെ കുപ്പായത്തിലാണ് ഷീലു. താരം പുതുതായി ആരംഭിച്ച ഓൺലൈൻ സാരി ബ്രാൻഡ് 'മന്ദാര' ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഫാഷൻ പ്രേമികളുടെ ഇഷ്ടകേന്ദ്രവുമായി മാറി ഷീലു ആരംഭിച്ച 'മന്ദാര'ബുട്ടീക്.
ഇപ്പോൾ, 'മന്ദാര'യിലേക്ക് അപ്രതീക്ഷിതമായി എത്തിയ അതിഥിയുടെ വിശേഷങ്ങളാണ് തന്നെ സ്നേഹിക്കുന്നവർക്കായി ഷീലു പങ്കുവച്ചത്. മലയാളത്തിന്റെ ആക്ഷൻ കിങ് ബാബു ആന്റണിയാണ് 'മന്ദാര' സന്ദർശിക്കാനെത്തിയത്. ബാബു ആന്റണിയോടൊപ്പമുള്ള ചിത്രങ്ങളും ഷീലു പങ്കുവച്ചു. 'സാരികൾ കഥ പറയണമെന്ന് നിങ്ങൾ മോഹിക്കുന്നുവെങ്കിൽ ഇതാ നിങ്ങൾക്കായി മന്ദാര. ഓരോ സാരിക്കും ഓരോ കഥ പറയാനുണ്ടാകും. മാസ് പ്രൊഡക്ഷനുകളിൽനിന്ന് വ്യത്യസ്തമായി, കൈകൊണ്ട് നെയ്തെടുത്ത സവിശേഷമായ സാരികളാണ് ഇവിടെയുള്ളത്. സാരി വെറുമൊരു വസ്ത്രമല്ല, അത് നമ്മൾ ആരാണെന്നതിന്റെ പ്രതിഫലനമാണ്...'- മന്ദാരയിലെ കളക്ഷനുകളെക്കുറിച്ച് ഷീലു പറയുന്നു.
'വീപ്പിങ് ബോയ്' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഷീലു, ഷീ ടാക്സി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് മംഗ്ലീഷ്, കനൽ, പുതിയ നിയമം, പുത്തൻപണം, ആടുജീവിതം തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. ഭർത്താവ് എബ്രഹാം മാത്യുവിനൊപ്പം നിർമാണ രംഗത്തും ഷീലു സജീവമാണ്. അഭിനയരംഗത്തെ തിളക്കത്തിനൊപ്പം ബിസിനസ് ലോകത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് ഷീലു എബ്രഹാം.