
നിത്യഹരിതനായകൻ പ്രേംനസീറിന്റെ മകനും അഭിനേതാവുമായ ഷാനവാസ്(70)അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.50ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാലുവർഷമായി വൃക്കരോഗത്തിനും ഹൃദ്രോഗത്തിനും ചികിത്സയിലായിരുന്നു. രാത്രിയോടെ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച മൂന്നുമണിവരെ വഴുതക്കാട്ടെ വീട്ടിൽ പൊതുദർശനം. വൈകിട്ട് അഞ്ചിന് പാളയം മുസ്ലിം ജമാ അത്ത് പള്ളി ഖബർസ്ഥാനിലാണ് ഖബറടക്കം.
ഭാര്യ: അയിഷ അബ്ദുൾ അസീസ്. മക്കൾ: അജിത് ഖാൻ,ഷമീർഖാൻ. മരുമകൾ: ഹന.
തിരുവനന്തപുരത്താണ് ഷാനവാസിന്റെ ജനനം. ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം,യേർക്കാട് മോണ്ട് ഫോർട്ട് സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈ ന്യൂ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടി.
1962-ൽ 'കാല്പാടുകൾ' എന്ന സിനിമയിൽ ബാലനടനായാണ് ഷാനവാസ് ആദ്യമായി അഭിനയിക്കുന്നത്.പിന്നീട് 1978-ൽ 'ആശ്രമം' എന്ന സിനിമയിലഭിനയിച്ചു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത്,1981-ൽ റിലീസ് ചെയ്ത 'പ്രേമഗീത'ങ്ങളാണ് നായകനായ ആദ്യസിനിമ. അജിത് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ആ സിനിമയുടെ വിജയം ഷാനവാസിനെ മലയാളത്തിലെ മുൻനിര നടനാക്കിമാറ്റി.1980-കളുടെ അവസാനം വരെ ധാരാളം സിനിമകളിൽ നായകനായും ഉപനായകനായും അഭിനയിച്ചു. 'ഇവൻ ഒരു സിംഹ'മാണ് പ്രേംനസീറും ഷാനവാസും ഒന്നിച്ചഭിനയിച്ച ആദ്യസിനിമ.
മഴനിലാവ്, പ്രശ്നം ഗുരുതരം,ഹിമം,മിഥ്യ,അർഹത,നീലഗിരി,വീരപുത്രൻ,സക്കറിയയുടെ ഗർഭിണികൾ,ജനഗണമന തുടങ്ങി മലയാളത്തിലും തമിഴിലുമായി അമ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ശംഖുപുഷ്പം, കടമറ്റത്ത് കത്തനാർ,അമ്മത്തൊട്ടിൽ,മനസ്സറിയാതെ തുടങ്ങിയ സീരിയലുകളിലൂടെയും ടെലിവിഷനിലും ശ്രദ്ധേയനായി