

തലൈവര് രജനികാന്ത് ചിത്രം 'ജയിലര് 2'-വിലെ തന്റെ നൃത്തരംഗം സ്വീകരിച്ച പ്രേക്ഷകര്ക്ക് നന്ദി അറിയിച്ച് നടി ഷംന കാസിം. ചിത്രത്തിലെ 'അല ബോലെലോ' എന്ന ഗാനരംഗത്തിലാണ് ഷംന കാസിം പ്രത്യക്ഷപ്പെടുന്നത്. സോഷ്യല് മീഡിയയില് പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ആരാധകര്ക്ക് നന്ദി രേഖപ്പെടുത്തിയത്.
രജനികാന്തിനൊപ്പം ഒരു ചിത്രത്തില് അഭിനയിക്കാന് കഴിയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും സ്റ്റൈല് ഐക്കണായ അദ്ദേഹത്തോടൊപ്പം സ്ക്രീന് പങ്കിടുക എന്നത് വലിയൊരു സ്വപ്നമായിരുന്നുവെന്നും ഷംന പറഞ്ഞു. സംവിധായകന് നെല്സണ് ദിലീപ്കുമാര്, നിര്മാതാക്കളായ സണ് പിക്ചേഴ്സ്, സംഗീത സംവിധായകന് അനിരുദ്ധ് എന്നിവര്ക്കും താരം പ്രത്യേക നന്ദി അറിയിച്ചു. ഈ ഗാനത്തിലേക്ക് തന്നെ നിര്ദേശിച്ചത് സംവിധായകന് നെല്സണ് ആണെന്നും ഷംന കൂട്ടിച്ചേര്ത്തു.
രജനികാന്ത്, സൂരാജ് വെഞ്ഞാറമൂട് എന്നിവര്ക്കൊപ്പം മറ്റ് നിരവധി നര്ത്തകരും അണിനിരക്കുന്ന ഗാനരംഗമാണിത്. ചിത്രീകരണ സമയത്ത് താന് ഗര്ഭിണിയായിരുന്നുവെന്നും എന്നാല് അക്കാര്യം പിന്നീടാണ് അറിയാന് കഴിഞ്ഞതെന്നും താരം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. തിയേറ്ററുകളില് വലിയ തരംഗം സൃഷ്ടിച്ചുകൊണ്ട് 'ജയിലര് 2' ആഗോള ബോക്സ് ഓഫീസില് കുതിപ്പു തുടരുകയാണ്.