

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ വെള്ളിയാഴ്ച 53-ാം ജന്മദിനം ആഘോഷിച്ചപ്പോൾ അദ്ദേഹത്തിന്റെ മലയാളികളായ ആരാധകരും ക്രിക്കറ്റ് പ്രേമികളും ഓർത്തെടുത്തത് പൃഥ്വിരാജ് സുകുമാരൻ മുമ്പൊരിക്കൽ പങ്കുവച്ച വാക്കുകളാണ്. പ്രിയ താരത്തെ നേരിൽ കണ്ടതിന്റെ അവിസ്മരണീയമായ ഓർമകളാണ് കുറച്ചുകാലം മുമ്പ് പൃഥ്വി പങ്കിട്ടത്. വർഷങ്ങൾക്കു മുമ്പ് ഒരു വിമാനയാത്രയ്ക്കിടെ അപ്രതീക്ഷിതമായി സച്ചിനെ അടുത്തറിഞ്ഞ നിമിഷങ്ങളെക്കുറിച്ചാണ് മികച്ച ക്രിക്കറ്റ് കളിക്കാരാൻകൂടിയായ താരം പറഞ്ഞത്.
താൻ യാത്ര ചെയ്തിരുന്ന വിമാനത്തിൽ അവസാന യാത്രക്കാരനായി കയറി തൊട്ടടുത്ത സീറ്റിൽ വന്നിരുന്നത് സച്ചിനായിരുന്നുവെന്ന് പൃഥ്വിരാജ് ഓർക്കുന്നു. സച്ചിന്റെ കടുത്ത ആരാധകനായ താൻ, പെട്ടെന്ന് അദ്ദേഹത്തെ അത്രയും അടുത്ത് കണ്ടപ്പോൾ എന്ത് പറയണമെന്നറിയാതെ പകച്ചുപോയെന്നും പൃഥ്വി. ആ സമയത്ത് തൊട്ടുപിന്നിലെ സീറ്റിലിരുന്ന മറ്റൊരു യാത്രക്കാരൻ സച്ചിന്റെ ആത്മകഥയുമായി വന്ന് ഓട്ടോഗ്രാഫ് ചോദിച്ചു.
'സച്ചിൻ ആ പുസ്തകത്തിൽ ഒപ്പിട്ടു നൽകിയ ശേഷം എന്നെ നോക്കി 'ഇതെന്റെ ജീവചരിത്രമാണ്' എന്ന് പറഞ്ഞു. ഞാൻ ഇന്ന് പുലർച്ചെയാണ് ആ പുസ്തകം വായിച്ചു തീർത്തതെന്ന് മറുപടി നൽകി. പിന്നീട് മുംബൈയിൽ വിമാനം ഇറങ്ങുന്നത് വരെ സച്ചിൻ എന്നോട് സംസാരിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന് ഒരുപക്ഷേ ആ സംഭാഷണം ഓർമയുണ്ടാകണമെന്നില്ല, പക്ഷേ എനിക്കത് ജീവിതകാലം മുഴുവൻ മറക്കാൻ കഴിയില്ല'-പൃഥ്വിരാജ് പറഞ്ഞു.
പിന്നീട് 'ആദം ജോൺ' എന്ന സിനിമയുടെ ഷൂട്ടിംഗിനായി ലണ്ടനിൽ എത്തിയപ്പോഴും താരം സച്ചിനെ കണ്ടുമുട്ടിയിരുന്നു. അന്ന് സച്ചിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് 'ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു, കാരണം ഞാൻ ദൈവത്തെ പലതവണ നേരിൽ കണ്ടിട്ടുണ്ട്' എന്നാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.