'വിരമിക്കാനുള്ള സമയമായെന്ന് ഞാന്‍ കരുതുന്നു...'; അമ്മപ്പൂവുമായി വിടപറഞ്ഞ ജാനകിയമ്മ

എസ്.ജാനകി
എസ്.ജാനകിഫോട്ടോ-അറേഞ്ച്ഡ്
Published on

തലമുറകളെ തങ്ങളുടെ മധുരശബ്ദം കൊണ്ടു വിസ്മയിപ്പിച്ച തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി ഇനി ഓര്‍മ! ആറ് പതിറ്റാണ്ടുകാലം സംഗീതലോകത്തു നിറഞ്ഞുനിന്ന ആ ഇതിഹാസ ഗായിക 88-ാം വയസില്‍ വിടപറയുമ്പോള്‍, അവര്‍ നേരത്തെ, തന്റെ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ചു പങ്കുവെച്ച മനോഹരമായ വാക്കുകളാണ് ഇപ്പോള്‍ ചലച്ചിത്രലോകത്തും ആരാധകര്‍ക്കിടയിലും വീണ്ടും ശ്രദ്ധേയമാകുന്നത്.

Must Read
പാട്ടുതീരുന്നു,വാനമ്പാടി പറക്കുന്നു,ലോകം കരയുന്നു...
എസ്.ജാനകി

2016-ല്‍ 'പത്ത് കല്പനകള്‍' എന്ന മലയാള ചിത്രത്തിലെ 'അമ്മപ്പൂവിന്' എന്ന ഗാനം ആലപിച്ച ശേഷമാണ് ജാനകിയമ്മ പിന്നണി ഗാനരംഗത്തോടു വിടപറഞ്ഞത്. അന്ന് തന്റെ കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ മനസുതുറന്നിരുന്നു.

എസ്.ജാനകി റെക്കോഡിങ് വേളയിൽ
എസ്.ജാനകി റെക്കോഡിങ് വേളയിൽഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

വളരെ ചെറുപ്പത്തില്‍ തന്നെ പിന്നണി ഗാനരംഗത്തെത്തിയ തനിക്കു വിശ്രമിക്കാനുള്ള ശരിയായ സമയമാണിതെന്ന് ജാനകിയമ്മ വിശ്വസിച്ചിരുന്നു. ഒരു ഇതിഹാസ ഗായിക എന്നതിനപ്പുറം സാധാരണക്കാരായ നമ്മെപ്പോലെ ജീവിക്കാന്‍ ആഗ്രഹിച്ച പച്ചയായ മനുഷ്യമനസിന്റെ ആര്‍ദ്രത ആ വാക്കുകളിലുണ്ടായിരുന്നു:

'വളരെ ചെറിയ പ്രായത്തിലാണ് ഞാന്‍ പിന്നണി ഗാനരംഗത്തേക്ക് വരുന്നത്. ഒരുപാട് കഠിനാധ്വാനം ചെയ്തു, അതുകൊണ്ടുതന്നെ ഇപ്പോള്‍ വിരമിക്കാനുള്ള സമയമായെന്ന് ഞാന്‍ കരുതുന്നു. ഇതൊരു മുന്‍കൂട്ടി തീരുമാനിച്ച കാര്യമായിരുന്നില്ലെങ്കിലും, കുറച്ചുകാലമായി ഞാന്‍ ഇതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടായിരുന്നു. എല്ലാം കൃത്യമായ സമയത്ത് തന്നെ സംഭവിച്ചു. ഇപ്പോള്‍ ഞാന്‍ വീട്ടിലാണ്, ഞാന്‍ ഭക്ഷണം പാകം ചെയ്യുന്നുണ്ട്, മുമ്പ് എനിക്ക് അതിനൊന്നിനും സമയം കിട്ടിയിരുന്നില്ല. അതോടൊപ്പം, എന്റെ ആരാധകരെ നേരില്‍ കാണാനും അവരോട് സംസാരിക്കാനും കൂടുതല്‍ സമയം ചെലവഴിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു...'

എസ്.ജാനകി യേശുദാസിനൊപ്പം റെക്കോഡിങ് വേളയിൽ
എസ്.ജാനകി യേശുദാസിനൊപ്പം റെക്കോഡിങ് വേളയിൽഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

സുദീര്‍ഘമായ കരിയറില്‍ എം.എസ്. വിശ്വനാഥന്‍, ഇളയരാജ, എ.ആര്‍. റഹ്‌മാന്‍, എം.കെ. അര്‍ജുനന്‍, ജോണ്‍സണ്‍ മാസ്റ്റര്‍ തുടങ്ങിയ ഒട്ടേറെ പ്രമുഖ സംഗീതജ്ഞര്‍ക്കൊപ്പം മാത്രമല്ല, യുവ സംഗീതസംവിധായകര്‍ക്കൊപ്പവും പാടാന്‍ ജാനകി അമ്മയ്ക്ക് കഴിഞ്ഞു. താന്‍ എല്ലാവരോടും എന്നും സൗഹൃദത്തോടെയാണ് പെരുമാറാറുള്ളതെന്നും, അതുകൊണ്ട് തന്നെ മുതിര്‍ന്നവര്‍ക്കൊപ്പം മാത്രമല്ല പുതിയ തലമുറയിലെ പ്രതിഭകള്‍ക്കൊപ്പവും മികച്ച കെമിസ്ട്രി സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നതായും ജാനകിയമ്മ അന്ന് ഓര്‍ത്തെടുത്തു.

ഇരുപതിലധികം ഭാഷകളിലായി 48,000-ത്തിലധികം ഗാനങ്ങളാണ് ആ വാനമ്പാടിയില്‍നിന്ന് ആസ്വാദകഹൃദയങ്ങളിലേക്ക് ഒഴുകിയെത്തിയത്. വിയോഗത്തിന്റെ ഈ വേളയില്‍, അവര്‍ പാടിവെച്ച അനശ്വര ഗാനങ്ങള്‍ക്കൊപ്പം തന്നെ വിനയവും ലാളിത്യവും നിറഞ്ഞ ജാനകിയമ്മയുടെ ആ പഴയ വാക്കുകളും ആരാധകരുടെ മനസില്‍ ഒരു വിങ്ങലായി നിലനില്‍ക്കും.

Pappappa
pappappa.com