

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'റാം' ചിത്രീകരണം കൊച്ചിയില്‍ പുന:രാരംഭിച്ചു. ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടി പ്രിയാമണിയാണ് സിനിമയുടെ പുതിയ വിശേഷങ്ങള്‍ അറിയിച്ചത്. താരനിരയിലേക്ക് പുതിയതായി പ്രിയാമണി കൂടി എത്തിയെന്നതും ശ്രദ്ധേയമാണ്.
കൊച്ചിയിലെ സ്റ്റുഡിയോയിലും ഹൈദ്രാബാദിലുമായാണ് ചിത്രീകരണം. കൊച്ചിയിലെ ഷൂട്ടിങ് പൂർത്തിയാക്കിയശേഷം സംഘം ഹൈദ്രാബാദിലേക്ക് പോകും. ഇപ്പോഴത്തെ ഷെഡ്യൂളിൽ മോഹൻലാൽ ഇല്ല. 'റാമി'ലെ ലാലിന്റെ കഥാപാത്രത്തിന് താടിയുണ്ട്. ഇപ്പോൾ അദ്ദേഹം അഭിനയിക്കുന്ന ചിത്രങ്ങളിൽ താടിയില്ലാത്ത കഥാപാത്രങ്ങളാണ്. ഇപ്പോഴത്തെ ലുക്കിലുള്ള സിനിമകളുടെ ചിത്രീകരണം പൂർത്തിയായി,താടി വളർന്നതിനുശേഷമേ മോഹൻലാൽ 'റാം' ചിത്രീകരണത്തിനെത്തൂ. ഇതിന് ചിലപ്പോൾ മാസങ്ങളെടുക്കും. മോഹൻലാൽ നിലവില്‍ ജോര്‍ജിയയില്‍ 'ഓപ്പറേഷന്‍ ഗംഗ' എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്.
2019-ല്‍ ആരംഭിച്ച 'റാം' സിനിമയുടെ ചിത്രീകരണം കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നീണ്ടുപോയത്. പിന്നീട് 2022-ല്‍ യുകെ, മൊറോക്കോ തുടങ്ങി നിരവധി വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ചിത്രീകരണം പുന:രാരംഭിച്ചിരുന്നു.
ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച 'നേര്' എന്ന ചിത്രത്തില്‍ പ്രിയാമണി പ്രധാന വേഷത്തിലെത്തിയിരുന്നു. മോഹന്‍ലാലിനൊപ്പം തൃഷ, ഇന്ദ്രജിത്ത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, സായ് കുമാര്‍ എന്നിവരും 'റാമി'ന്റെ പ്രധാന താരനിരയിലുണ്ട്. രമേശ് പി. പിള്ളയും സുധൻ എസ്. പിള്ളയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിഷ്ണു ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.