

യുവതാരങ്ങളായ അര്‍ജുന്‍ അശോകനും അഖില ഭാര്‍ഗവനും ഒന്നിക്കുന്ന പുതിയ ചിത്രം 'റേഡിയോ മോസ്‌കോ' പ്രഖ്യാപിച്ചു. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി മലയാള സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസം ഉണ്ടാക്കിയ മനോജ് കാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ചായില്യം, അമീബ, കെഞ്ചിര, ഖെഡ്ഡ എന്നീ ചിത്രങ്ങളിലൂടെ ശക്തമായ പ്രമേയങ്ങളും റിയലിസ്റ്റിക് അനുഭവങ്ങളും പ്രേക്ഷകരിലെത്തിച്ച സംവിധായകനാണ് മനോജ് കാന. അതുകൊണ്ടുതന്നെ, ജനപ്രിയ അഭിനയശൈലിയുള്ള അര്‍ജുന്‍ അശോകനും 'പ്രേമലു'വിലൂടെ പ്രേക്ഷകമനം കവര്‍ന്ന അഖില ഭാര്‍ഗവനും അദ്ദേഹത്തിന്റെ കാന്‍വാസില്‍ എത്തുമ്പോള്‍ ചിത്രം ഏറെ വ്യത്യസ്തമായൊരു സിനിമാനുഭവമായിരിക്കും സമ്മാനിക്കുക എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
പുതിയ കാലത്തിന്റെ അഭിനേതാക്കളായ അര്‍ജുനും അഖിലയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ അശോകന്റെയും, സ്വാഭാവിക അഭിനയം കൊണ്ട് കൈയടി നേടിയ അഖിലയുടെയും കൂട്ടുകെട്ട് സ്‌ക്രീനില്‍ പുതിയൊരു ഊര്‍ജം നല്‍കുമെന്നാണ് കരുതപ്പെടുന്നത്.
സൈറൻ ഫിലിംസ് ആന്റ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇർഷാദ് അലി,അഭിരാം രാധാകൃഷ്ണൻ,അനുമോൾ,അഡ്വ.സി.ഷുക്കൂർ എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം-പ്രതാപ് പി.നായർ,സംഗീതം-ബിജിപാൽ, ഗാനങ്ങൾ-കുരീപ്പുഴ ശ്രീകുമാർ, പ്രൊഡക്ഷൻ ഡിസൈനർ-സന്തോഷ് രാമൻ,എഡിറ്റർ-മനോജ് കണ്ണോത്ത്,സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ,മേക്കപ്പ്-പട്ടണം റഷീദ്,കോസ്റ്റ്യൂം-അശോകൻ ആലപ്പുഴ,പ്രൊഡക്ഷൻ കൺട്രോളർ-ഹരി വെഞ്ഞാറമ്മൂട്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഉമേഷ് അംബുജേന്ദ്രൻ,പ്രോജക്ട് ഡിസൈനർ-ഷിജു തമീൻസ്,സ്റ്റിൽസ്-വിനീഷ് ഫ്ലാഷ്ബാക്ക്,ഡിസൈൻസ്-എം.എസ്.മനോജ്.