

മലയാള സിനിമയില്‍ ഇപ്പോള്‍ ചിരിയുടെ പുതിയൊരു തരംഗമാണ്. റീലുകളിലൂടെ വന്ന് വെള്ളിത്തിര കീഴടക്കിയ യുവതാരങ്ങള്‍ ബോക്‌സ് ഓഫീസില്‍ കോടികളുടെ കിലുക്കം തീര്‍ക്കുമ്പോള്‍, ആ കൂട്ടുകെട്ടിലേക്ക് ഇതാ പുതിയൊരു കോമ്പിനേഷന്‍ കൂടി. 'വാഴ'കളിലൊരാളായി വന്ന് പ്രേക്ഷകരുടെ നെഞ്ചില്‍ കേറിയ ജോമോന്‍ ജ്യോതിറും, 'വാഴ 2'-ലൂടെ കൈയടി നേടിയ അലന്‍ ബിന്‍ സിറാജും ഇനി ഒന്നിച്ച് സ്‌ക്രീനിലെത്തും. വേറിട്ട ടൈറ്റില്‍ കൊണ്ട് പ്രഖ്യാപന സമയത്ത് തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞ ചിത്രത്തിന്റെ പേര് 'പൂച്ച സാര്‍' എന്നാണ്.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ തന്നെ സിനിമാപ്രേമികളുടെ കണ്ണ് ഉടക്കുന്നതായിരുന്നു. നിഗൂഢതയും കൗതുകവും ഒളിപ്പിച്ചുവെച്ച ഒരു പൂച്ചയുടെ മുഖമുള്ള പോസ്റ്റര്‍ ഇതിനകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. 'വാഴ 2'-ന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന റെജിവന്‍ അബ്ദുള്‍ ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ജോ ആന്‍ഡ് ജോ', '18+ ജേര്‍ണി ഓഫ് ലവ്' എന്നീ ചിത്രങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച അരുണ്‍ ഡി. ജോസ് ആണ് 'പൂച്ച സാറി'ന് തിരക്കഥയൊരുക്കുന്നത്. ആരാധ്യ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം എംആർകെ ജയറാം നിർമിക്കുന്നു.
ജോമോനും അലനും പുറമെ മലയാളത്തിലെയും തെന്നിന്ത്യയിലെയും വന്‍ താരനിര തന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്. എന്നാല്‍ അതിനെയെല്ലാം വെല്ലുന്ന മറ്റൊരു കൗതുകം, കഥയില്‍ നിര്‍ണായക വഴിത്തിരിവാകുന്ന ഒരു പ്രധാന കഥാപാത്രമായി പൂച്ചയും ചിത്രത്തിലുടനീളമുണ്ട് എന്നതാണ്!
ചെറിയ വേഷങ്ങളിലൂടെ വന്ന് മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറിയ ജോമോന്‍ ജ്യോതിറിന്റെ നായകനായുള്ള മൂന്നാമത്തെ ചിത്രമാണിത്. ജോണ്‍ പോള്‍ ജോര്‍ജിന്റെ 'ആശാന്‍', പൃഥ്വിരാജ് സുകുമാരന് പകരം ജോമോന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന 'സന്തോഷ് ട്രോഫി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് താരം 'പൂച്ച സാറി'ലേക്ക് എത്തുന്നത്. 'വാഴ 2'-വിന് ശേഷം അലന്‍ ബിന്‍ സിറാജിന്റെ കരിയറിലെയും വലിയൊരു ബ്രേക്ക് ആയിരിക്കും ഈ ചിത്രം. വൈകാതെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.