

ലോകം ഉറ്റുനോക്കുന്ന 'ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ഏഞ്ചൽസി'ന്റെ (ഐഎഫ്എഫ്എൽഎ) ഉദ്ഘാടന ചിത്രമായി മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രില്‍ 23 മുതല്‍ 26 വരെ നടക്കുന്ന മേളയുടെ വിളംബരചിത്രമായാണ് ഈ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ പ്രദര്‍ശിപ്പിക്കുന്നത്. 2008-ല്‍ പുറത്തിറങ്ങിയ 'ട്വന്റി-20'ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും വെള്ളിത്തിരയില്‍ ഒന്നിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. ഏപ്രില്‍ 23ന് തന്നെ ചിത്രം ഇന്ത്യന്‍ തിയറ്ററുകളിലും റിലീസ് ചെയ്യും.
മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ് തുടങ്ങി തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖരും അണിനിരക്കുന്നുണ്ട്.
ചിത്രം നിർമിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ജപ്പാന്‍, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 27 ചിത്രങ്ങളാണ് 'ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ഏഞ്ചൽസ് മേളയിൽ പ്രദര്‍ശിപ്പിക്കുന്നത്. ഏഴ് ഫീച്ചര്‍ ഫിലിമുകള്‍, രണ്ട് ഡോക്യുമെന്ററികള്‍, 18 ഹ്രസ്വചിത്രങ്ങള്‍ എന്നിവ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. മേളയുടെ സമാപന ചിത്രമായി അനുഷ റിസ്വി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഷംസുദ്ദീന്‍ ഫാമിലി' പ്രദര്‍ശിപ്പിക്കും.