

മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ടിൽ മഹേഷ് നാരായണൻ ഒരുക്കുന്ന 'പേട്രിയറ്റ്' ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് വെറും 42 മിനിറ്റിനുള്ളിൽ കേരളത്തിൽനിന്ന് മാത്രം 50 ലക്ഷം രൂപയുടെ കളക്ഷൻ നേടി സിനിമ റെക്കോഡ് കുറിച്ചു. 18 വർഷത്തിനു ശേഷം മലയാളത്തിന്റെ മഹാനടന്മാർ ഒന്നിക്കുന്നു എന്ന പ്രത്യേകതയാണു ചിത്രത്തിനു ഇത്രയേറെ ഹൈപ്പ് നൽകുന്നത്.
ബുക്കിങ് തുടങ്ങി ആദ്യ പത്ത് മിനിറ്റിൽ 10,000 ടിക്കറ്റുകളാണ് വിറ്റുപോയത്. നിലവിൽ ബുക്ക് മൈ ഷോയിൽ ഓരോ മണിക്കൂറിലും ശരാശരി 12,000 ടിക്കറ്റുകൾ വീതം വിറ്റഴിക്കപ്പെടുന്നുണ്ട്. ആദ്യ 45 മിനിറ്റ് പിന്നിട്ടപ്പോൾ കേരളത്തിലെ കളക്ഷൻ 55.68 ലക്ഷമായി ഉയർന്നു. ആഗോളതലത്തിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് 3.50 കോടി കടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ കേരളത്തിലെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ റെക്കോർഡ് പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാന്റെ (14.07 കോടി) പേരിലാണ്. വിജയ് ചിത്രം ലിയോ ആണ് (12 കോടി) രണ്ടാം സ്ഥാനത്ത്. ഈ റെക്കോഡുകളെല്ലാം പേട്രിയറ്റ് മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്.