

നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രം സർവം മായ നൂറു കോടി ക്ലബ്ബിൽ ഇടംപിടിച്ചതിന് പിന്നാലെ ആരാധകരെ ആവേശത്തിലാഴ്ത്തി, മറ്റൊരു വലിയ കരാർ പ്രഖ്യാപനം. ഇന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും നിവിനും ഒന്നിക്കുന്നു. 100 കോടി രൂപയുടെ കരാറിലാണ് നിവിനും പനോരമ സ്റ്റുഡിയോസും ഒപ്പിട്ടത്. ഒന്നിലധികം മലയാള ചിത്രങ്ങൾ നിർമിക്കുകയും ആഗോളതലത്തിൽ മലയാളസിനിമയെ സജീവമാക്കുകയുമാണ് ലക്ഷ്യം. കുമാർ മങ്കട് പഥക്, അഭിഷേക് പഥക് എന്നിവർക്കൊപ്പം നിവിൻ പോളിയും നിർമാണ പങ്കാളിയാകും. ഇന്ത്യയിലെയും അന്താരാഷ്ട്ര വിപണിയിലെയും പ്രേക്ഷകരെ ഒരുപോലെ ആകർഷിക്കുന്ന വ്യത്യസ്തമായ കഥകൾ നിർമാണകമ്പനി കണ്ടെത്തും.
ഒരു നടനെന്ന നിലയിലും നിർമാതാവെന്ന നിലയിലും പനോരമ സ്റ്റുഡിയോസുമായുള്ള സഹകരണം ഏറെ ആവേശകരമാണ്. ഗുണനിലവാരമുള്ള സിനിമയോടുള്ള അവരുടെ പ്രതിബദ്ധതയാണ് എന്നെ ആകർഷിച്ചത്. ഗുണനിലവാരമുള്ള ഉള്ളടക്കവും വാണിജ്യ വിജയങ്ങളും ഒത്തുചേരുന്ന ഒരു പുതിയ സിനിമാ വസന്തത്തിനാണ് ഈ കൂട്ടുകെട്ടിലൂടെ മലയാളം സാക്ഷ്യം വഹിക്കാൻ പോകുന്നത്- നിവിൻ പറഞ്ഞു.
മോഹൻലാൽ–ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 3-യുമായി ബന്ധപ്പെട്ട വലിയ കരാറിന് ശേഷം പനോരമ സ്റ്റുഡിയോസ് മലയാളത്തിൽ നടത്തുന്ന ഏറ്റവും വലിയ ഇടപെടലാണിത്. ഓങ്കാര, ദൃശ്യം, റെയ്ഡ്, ഷൈത്താൻ തുടങ്ങി നിരവധി ഹിറ്റുകൾ സമ്മാനിച്ച നിർമാണക്കമ്പനി, മലയാളത്തിലും കരുത്തുറ്റ സാന്നിധ്യമായി മാറാനാണ് ലക്ഷ്യമിടുന്നത്.