
പാലാക്കാർ ഇന്നലെ വീണ്ടും പെരുന്നാളു കൂടി. ഡിസംബറിലെ ജൂബിലി തിരുനാൾ ജൂണിൽ തന്നെ ആഘോഷിക്കാൻ കിട്ടിയ അവസരം അവർ ഏറ്റെടുത്തു. സൂപ്പർതാരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നായനാകുന്ന 'ഒറ്റക്കൊമ്പനു'വേണ്ടിയായിരുന്നു പാലാക്കാർ പെരുന്നാൾ ആഘോഷിച്ചത്.
ഡിസംബറിലെ ജൂബിലി തിരുനാളിന്റെ ആഘോഷങ്ങളെല്ലാം പുന:സൃഷ്ടിച്ചായിരുന്നു 'ഒറ്റക്കൊമ്പ'ന്റെ ചിത്രീകരണം. ഇന്നലെ പെരുന്നാൾ ദിവസത്തെ രാത്രിരംഗങ്ങളാണ് ചിത്രീകരിച്ചത്. ഇതിനായി പാലായിലെ പ്രധാന റോഡുകള്‍ തോരണങ്ങളാലും കച്ചവടസ്ഥാപനങ്ങള്‍ ദീപങ്ങളാലും അലങ്കരിച്ചിരുന്നു. വാദ്യോപകരണങ്ങളുടെയും കരിമരുന്നിന്റെയും അകമ്പടിയോടെയുള്ള രാത്രി പ്രദക്ഷിണമായിരുന്നു ചിത്രീകരിച്ചത്. ആയിരങ്ങളാണ് ചിത്രീകരണം കാണാനെത്തിയത്. ഒട്ടേറെ ജൂനിയർ ആർട്ടിസ്റ്റുകളും അണിനിരന്നു.
ടൂവീലര്‍, ഫാന്‍സിഡ്രസ് മത്സരം ഇന്നു ഷൂട്ടു ചെയ്യും. തിരുനാളിന്റെ പ്രധാന ആകര്‍ഷണമായ ജൂബിലി കപ്പേളയ്ക്കു മുമ്പിലെ പന്തലും കുരിശുപള്ളി ദീപാലങ്കാരവും പട്ടണപ്രദക്ഷിണവുമെല്ലാം പുന:സൃഷ്ടിച്ചിരിക്കുകയാണ് ഗോകുൽദാസിന്റെ നേതൃത്വത്തിലുള്ള ആർട്ട് ടീം. അടുത്തമാസം പത്തുവരെയാണ് ഷൂട്ടിങ്. രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് പ്രധാനരംഗങ്ങൾ ചിത്രീകരിക്കുന്നത്.
സുരേഷ് ഗോപി അഭിനയിക്കുന്ന രംഗങ്ങള്‍ വരുംദിവസങ്ങളില്‍ ഷൂട്ട് ചെയ്യും. പതിവായി പുലര്‍ച്ചെ കുരിശുപള്ളി മാതാവിന്റെയടുത്തെത്തി തിരികത്തിച്ചു പ്രാര്‍ഥിച്ച് ജീവിതചര്യ ആരംഭിക്കുന്ന കഥാപാത്രമാണ് സുരേഷ് ഗോപിയുടേത് എന്നതിനാൽ പള്ളിക്കും പരിസരങ്ങൾക്കും തിരുനാളിനും ചിത്രത്തിൽ വലിയ പ്രാധാന്യമാണുള്ളത്.
'മാർക്കോ'യിലൂടെ ശ്രദ്ധേയനായ കബീർ ദുഹാൻ സിങ്, ഇന്ദ്രജിത്ത്, ലാല്‍, ജോണി ആന്റണി, ലാലു അലക്സ് അടക്കമുള്ള വമ്പന്‍ താരനിര ചിത്രത്തിലുണ്ട്. പാലായിലും പരിസരങ്ങളിലും പ്രതാപിയായി നിറഞ്ഞുനിന്ന കടുവാക്കുന്നേൽ കുറുവച്ചന്റെ കഥയാണ് ഒറ്റക്കൊമ്പൻ പറയുന്നത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പ'ന്റെ രണ്ടാംഘട്ട ചിത്രീകരണമാണ് പ്രധാന ലൊക്കേഷനായ പാലയിൽ ഇപ്പോൾ പുരോഗമിക്കുന്നത്. ആദ്യ ഘട്ട ചിത്രീകരണം ജനുവരിയിൽ തിരുവനന്തപുരത്ത് പൂർത്തിയാക്കിയിരുന്നു. സുരേഷ് ഗോപിയുടെ 250-ാം ചിത്രമാണ് 'ഒറ്റക്കൊമ്പൻ'. ഷിബിൻ ഫ്രാൻസിസിന്റേതാണു തിരക്കഥ. കോ-പ്രൊഡ്യൂസർമാർ - വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. ഛായാഗ്രഹണം-ഷാജികുമാർ.