

ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആദ്യ മലയാള സിനിമ എന്ന മാസ് ടാഗ് ലൈനോടെയെത്തുന്ന 'ഓപ്പറേഷന്‍ ത്രാൾ' ചിത്രീകരണത്തിന് കൊച്ചിയില്‍ തിരിതെളിഞ്ഞു. ചലച്ചിത്രലോകത്തെ പ്രമുഖര്‍ പങ്കെടുത്ത പ്രൗഢഗംഭീരമായ പൂജാ ചടങ്ങുകളോടെയാണു ചിത്രത്തിനു തുടക്കമായത്.
ഹോട്ടൽ ക്രൗൺ പ്ലാസയിൽ ജയിൻ ജോർജ് തടത്തിൽ സ്വിച്ചോൺ കർമ്മവും, തിരക്കഥാകൃത്ത് ബോബി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നിർമാതാവ് ജോബി ജോർജ് തടത്തിൽ, സംവിധായകൻ രതീഷ് വേഗ, ജയസൂര്യ എന്നിവരടക്കം ചിത്രത്തിലെ പ്രധാന അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപവും തെളിയിച്ചു.
സംഗീത സംവിധാനത്തില്‍നിന്ന് സംവിധായകന്റെ കുപ്പായത്തിലേക്കു മാറുന്ന രതീഷ് വേഗയാണ് ഈ പാന്‍-ഇന്ത്യന്‍ ആക്ഷന്‍ വിരുന്നിനു പിന്നില്‍. സംവിധാനത്തിനു പുറമെ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഗീതവും നിര്‍വഹിക്കുന്നതും രതീഷ് തന്നെയാണ്. ഗുഡ് വിൽ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മിക്കുന്ന ചിത്രം വന്‍ ക്യാന്‍വാസിലാണ് ഒരുങ്ങുന്നത്.
കാശ്മീരിലെ ഭീകരാക്രമണങ്ങളും അതിനെ ഇല്ലാതാക്കാൻ രാജ്യം നടത്തുന്ന രഹസ്യ സൈനിക നീക്കങ്ങളുമാണ് ചിത്രത്തിന്റെ കാതല്‍. ജമ്മു കാശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന യഥാര്‍ഥ ഏറ്റുമുട്ടലുകളെ ആസ്പദമാക്കിയാണ് സിനിമ. എന്‍ഐഎ ഓഫീസറായ 'ഹര്‍ഷവര്‍ദ്ധന്‍' എന്ന കഥാപാത്രമായി ജയസൂര്യ എത്തുമ്പോള്‍ അത് നടന്റെ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ വേഷമായിരിക്കുമെന്നുറപ്പ്.
തന്റെ കരിയറിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രമാണിതെന്ന് ജയസൂര്യ തന്നെ പറഞ്ഞിരുന്നു. രാജ്യത്തിന്റെ കാവലാളുകളായ സുരക്ഷാസൈനികരുടെ പോരാട്ടവീര്യവും, ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങളും നിറഞ്ഞ തിയറ്റര്‍ എക്‌സ്പീരിയന്‍സ് തന്നെയാകും ഓപ്പറേഷന്‍ ത്രാല്‍ എന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
റിതിക സിംഗ്, അമൈറ ദസ്തൂർ, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാർ, മുരളി ശർമ്മ,സിറാജുദ്ദീൻ തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിനുപുറമേ കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മസൂറി, ലഡാക്ക് തുടങ്ങി നിരവധി ലൊക്കേഷനുകളിലായാണ് ചിത്രീകരിക്കുന്നത്.
സുനിമോൾ ജോബി സഹനിർമാതാവായെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നജോസും എഡിറ്റിങ് ഷഫീഖ് വി.ബിയും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി എന്നിവർ നിർവ്വഹിക്കുന്നു.
കലാസംവിധാനം: സുനീഷ് സോദരൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ഷൻ: ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്‌സിങ്: എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ: വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ്: ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, മാർക്കറ്റിങ്: ഡോ.സംഗീത ജനചന്ദ്രൻ(സ്റ്റോറീസ് സോഷ്യൽ)