
സിനിമയ്ക്കുള്ളിലെ സിനിമാക്കഥയുമായി 'മോളിവുഡ് ടൈംസ്' വരുന്നു. നസ്ലിൻ നായകനായി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിൽ നടന്നു.
എറണാകുളം അഞ്ചുമന ക്ഷേത്രത്തിൽനടന്ന പൂജാ ചടങ്ങിൽ ഫഹദ് ഫാസിൽ,നസ്ലിൻ, ആഷിക് ഉസ്മാൻ, ബിനു പപ്പു, അൽത്താഫ് സലിം, സംവിധായകരായ തരുൺ മൂർത്തി, അരുൺ ടി.ജോസ്, അജയ് വാസുദേവ്, ജി.മാർത്താണ്ഡൻ തുടങ്ങിയവർ പങ്കെടുത്തു.
ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റിൽ ആരംഭിക്കുമെന്നും ആഷിക് ഉസ്മാൻ അറിയിച്ചു. 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോളിവുഡ് ടൈംസ്'.
'എ ഹേറ്റ് ലെറ്റർ ടു സിനിമ' എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. തിരക്കഥ- രാമു സുനിൽ. വിശ്വജിത്ത് ആണ് ക്യാമറ. സംഗീതം-ജേക്സ് ബിജോയ്.