

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ ഭാര്യ സുചിത്രയ്ക്ക് ഇന്ന് ജന്മദിനം. പ്രിയതമയ്ക്ക് ഹൃദയസ്പർശിയായ കുറിപ്പിലൂടെ പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് ലാൽ. സുചിത്രയുടെ കൈകൾ ചേർത്തുപിടിച്ച് സ്നേഹത്തോടെ നോക്കുന്ന ചിത്രത്തിനൊപ്പമാണ് മോഹൻലാൽ ആശംസകൾ പങ്കുവെച്ചത്.
'നിന്റെ പുഞ്ചിരിക്കും കരുത്തിനും സ്നേഹത്തിനും നിന്നെ നീയാക്കുന്ന ഓരോ ചെറിയ കാര്യത്തിനും ഹൃദയം നിറഞ്ഞ ആശംസകൾ' മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. തരുൺ മൂർത്തി, ഫർഹാൻ ഫാസിൽ അടക്കമുള്ള നിരവധി സഹപ്രവർത്തകരും ആരാധകരും താരത്തിന്റെ പോസ്റ്റിന് താഴെ സുചിത്രയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.
1988 ഏപ്രിൽ 28-ന് തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വച്ചായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം. പ്രശസ്ത തമിഴ് നിർമാതാവ് കെ. ബാലാജിയുടെ മകളും നിർമാതാവ് സുരേഷ് ബാലാജിയുടെ സഹോദരിയുമായ സുചിത്ര, മോഹൻലാലിന്റെ കടുത്ത ആരാധകയായിരുന്നു. ഈ ആരാധനയാണ് പിന്നീട് വിവാഹത്തിലേക്ക് വഴിമാറിയത്.
നേരത്തെ, ഒരു അഭിമുഖത്തിൽ സുചിത്ര തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. മോഹൻലാലിനോടുള്ള ആരാധന മൂലം 'എസ്കെപി' (സുന്ദര കുട്ടപ്പൻ) എന്നായിരുന്നു സുചിത്ര താരത്തെ വിശേഷിപ്പിച്ചിരുന്നത്. അക്കാലത്ത് പേരു വയ്ക്കാതെ ദിവസവും അഞ്ചോളം കാർഡുകൾ വരെ ലാലേട്ടന് സുചിത്ര അയയ്ക്കുമായിരുന്നു. പിന്നീട് താനാണ് കാർഡുകൾ അയച്ചതെന്ന് മോഹൻലാൽ തന്നെ കണ്ടെത്തുകയായിരുന്നുവെന്നും സുചിത്ര പറഞ്ഞിട്ടുണ്ട്.