

മലയാളികളുടെ പ്രിയപ്പെട്ട സ്ക്രീൻ ജോഡികളിലൊന്നായ മോഹൻലാലും മീരാ ജാസ്മിനും നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ഹിറ്റ് ചിത്രം 'തുടരും' എന്ന സിനിമയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മീര ജാസ്മിൻ മോഹൻലാലിന്റെ നായികയാകുന്നത്. ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മീര ജാസ്മിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. നൈസി എന്നാണ് മീര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 'ലൗലജന്റെ നൈസി’ എന്ന കൗതുകകരമായ അടിക്കുറിപ്പോടെ സംവിധായകൻ തരുൺ മൂർത്തി തന്നെയാണ് പോസ്റ്റർ പങ്കുവച്ചത്. ഇത് മീരയുടെ കരിയറിലെ തന്നെ ശ്രദ്ധേയമായ ഒരു വേഷമായിരിക്കുമെന്നാണ് സൂചന. L366 എന്ന് താത്കാലികമായി പേരിട്ട സിനിമയിൽ മോഹൻലാൽ ടി.എസ്.ലൗലജൻ എന്നുപേരുള്ള പോലീസ് ഉദ്യോഗസ്ഥനായാണ് അഭിനയിക്കുന്നത്.
2013-ൽ പുറത്തിറങ്ങിയ 'ലേഡീസ് ആൻഡ് ജെന്റിൽമാൻ’ എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ് മോഹൻലാലിനൊപ്പം മീര ജാസ്മിൻ ഒരു മുഴുനീള വേഷത്തിൽ അഭിനയിച്ചത്. 13 വർഷങ്ങൾക്ക് ശേഷമാണ് ഒരു പ്രധാന വേഷത്തിൽ ഇരുവരും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നതെന്ന പ്രത്യേകതയും പുതിയ ചിത്രത്തിനുണ്ട്. 'രസതന്ത്രം','ഇന്നത്തെ ചിന്താവിഷയം' എന്നിവയാണ് മോഹൻലാലും മീരാ ജാസ്മിനും ഒന്നിച്ചഭിനയിച്ച മറ്റ് സിനിമകൾ. അടുത്തിടെ മോഹൻലാൽ നായകനായ 'ഹൃദയപൂർവ'ത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ അതിഥിവേഷത്തിലും മീര പ്രത്യക്ഷപ്പെട്ടു.
ആഷിഖ് ഉസ്മാൻ നിർമിക്കുന്ന L366 ന് തിരക്കഥ ഒരുക്കുന്നത് രതീഷ് രവിയാണ്. മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ തുടങ്ങിയവരും അഭിനയിക്കുന്നു.
തുടരും എന്ന സിനിമയിലെ സാങ്കേതിക പ്രവർത്തകർ ഭൂരിഭാഗവും ഈ ചിത്രത്തിലും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഷാജി കുമാറാണ് ഛായാഗ്രഹണം. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജെയ്ക്ക് ബിജോയ്സ് സംഗീതം പകരുന്നു. കോ-ഡയറക്ഷൻ -ബിനു പപ്പു, എഡിറ്റിങ്- വിവേക്ഹർഷൻ, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ-ഗോകുൽ ദാസ്,വസ്ത്രാലങ്കാരം-മഷർ ഹംസ,മേക്കപ്പ്- റോണക്സ് സേവ്യർ,സ്റ്റിൽസ്-അമൽ സി സദർ.
സെൻട്രൽ പിക്ചേഴ്സ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ ശബ്ദസംവിധാനം -വിഷ്ണു ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മിറാഷ് ഖാൻ,അസോസിയേറ്റ് ഡയറക്ടർ-അനസ് വി, പ്രൊഡക്ഷൻ മാനേജർ-ജോമോൻ ജോയ് ചാലക്കുടി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എസ്സാ കെ. എസ്തപ്പാൻ 'ദൃശ്യം 3' യുടെ ഷൂട്ടിങ്ങിനുശേഷം മോഹൻലാൽ ജോയിന്‍ ചെയ്ത ഈ ചിത്രം ഈ വര്‍ഷം അവസാനമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യമോ തിയറ്ററുകളില്‍ എത്തുമെന്നാണ് സൂചന.