അച്ചൂട്ടിയുടെ സമ്മാനം;കാടിനുള്ളിൽ മീൻപിടിച്ചുജീവിക്കുന്നവർക്ക് മമ്മൂട്ടിയുടെ കനിവ്

കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റ 'പൂർവികം' പദ്ധതിയുടെ ഭാ​ഗമായി വനവാസികൾക്ക് സൗജന്യമായി മീൻ വലകളും ലൈഫ് ജാക്കറ്റുകളും നല്കുന്ന ചടങ്ങ് ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു
കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റ 'പൂർവികം' പദ്ധതിയുടെ ഭാ​ഗമായി വനവാസികൾക്ക് സൗജന്യമായി മീൻ വലകളും ലൈഫ് ജാക്കറ്റുകളും നല്കുന്ന ചടങ്ങ് ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നുഫോട്ടോ-അറേഞ്ച്ഡ്
Published on

വനവാസികൾക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി നല്കുന്ന പദ്ധതിക്ക് ഇടുക്കിയിൽ തുടക്കം. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പൂർവികം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ആദ്യ ഘട്ടത്തിൽ ഇടുക്കി ഡാമിലെ മത്സ്യത്തൊഴിലാളികളായ കൊലുമ്പൻ ആദിവാസി ഉന്നതിനിവാസികൾക്ക് സൗജന്യമായി മീൻ വലകളും ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്തു. വെള്ളാപ്പാറ ഫോറസ്റ്റ് ഐബി പരിസരത്തുവച്ചായിരുന്നു ഇതിന്റെ ഉദ്ഘാടനം. ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ സൗജന്യ മീൻ വലകളുടെയും ലൈഫ് ജാക്കറ്റുകളുടെയും വിതരണം നിർവഹിച്ചു. കേരളത്തിന്റെ അങ്ങോളമിങ്ങോളം

അനേകായിരം ജീവകാരുണ്യ പ്രവർത്തനങ്ങളാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ നടത്തിവരുന്നതെന്ന് ബിഷപ്പ് പറഞ്ഞു. ജീവിതത്തിൽ കഷ്ടത അനുഭവിക്കുന്ന കേരള സമൂഹത്തെ അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കാൻ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന് സാധിക്കുന്നുണ്ട്. പൂർവികം പദ്ധതിയിലൂടെ ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം ആരോഗ്യം എന്നിവ ഉറപ്പുവരുത്തുന്ന കെയർ ആൻഡ് ഷെയർ അതിനുപുറമേ ഒരു പുതിയ സംരംഭത്തിലേക്ക് കൂടി കടന്നുവന്ന് മീൻ വലകളും ലൈഫ്ജാക്കറ്റുകളും ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് നല്കുന്നു. പൂർവികം പദ്ധതിക്ക് പുറമേ ഹൃദ്യം പദ്ധതിയിലൂടെ സൗജന്യ ഹൃദയവാൽവ് ശസ്ത്രക്രിയ, വാത്സല്യം പദ്ധതിയിലൂടെ കുട്ടികളുടെ റോബോട്ടിക് സർജറി, സുകൃതം പദ്ധതിയിലൂടെ സൗജന്യ കിഡ്നി ട്രാൻസ്പ്ലാന്റേഷൻ, ഹൃദയസ്പർശത്തിലൂടെ കുട്ടികൾക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ, അംഗപരിമിതർക്കുള്ള വീൽചെയർദാനം, വഴികാട്ടിയിലൂടെ ലഹരിക്കെതിരെയുള്ള പോരാട്ടം എന്നിങ്ങനെ വിവിധ പദ്ധതികൾ നടത്തിവരുന്നതായി മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ചടങ്ങിൽ സംബന്ധിക്കാൻ അവസരം ലഭിച്ചത്. അത് ഭാഗ്യമായി തന്നെ കരുതുന്നു. പലർക്കും ചെയ്യുവാൻ അസാധ്യമായ ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ വിജയകരമായി നിവർത്തിക്കുവാൻ സാധിക്കുന്നത് കെയർ ആൻഡ് ഷെയർ പ്രവർത്തകരുടെ അർപ്പണ മനോഭാവത്തിന്റെ ഫലമായിട്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതുപോലെ മാതൃകാപരമായ കാരുണ്യപ്രവർത്തികൾ വരും വർഷങ്ങളിലും നിറവേറ്റുവാനാവശ്യമായ ഈശ്വരാനുഗ്രഹം ലഭിക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു- ബിഷപ്പ് പറഞ്ഞു.

മീൻവലകളും ലൈഫ് ജാക്കറ്റുകളും ഏറ്റുവാങ്ങിയ ശേഷം വനവാസികളായ മത്സ്യത്തൊഴിലാളികൾ ഇടുക്കി ബിഷപ്പിനും ചടങ്ങിൽ പങ്കെടുത്ത വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്കും കെയർ ആന്റ് ഷെയർ ഭാരവാഹികൾക്കുമൊപ്പം
മീൻവലകളും ലൈഫ് ജാക്കറ്റുകളും ഏറ്റുവാങ്ങിയ ശേഷം വനവാസികളായ മത്സ്യത്തൊഴിലാളികൾ ഇടുക്കി ബിഷപ്പിനും ചടങ്ങിൽ പങ്കെടുത്ത വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്കും കെയർ ആന്റ് ഷെയർ ഭാരവാഹികൾക്കുമൊപ്പംഫോട്ടോ-അറേഞ്ച്ഡ്

ഇടുക്കി ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ വിനോദ് കുമാർ എം.ജി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജയചന്ദ്രൻ.ജി, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വിപിൻദാസ് പി.കെ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡന്മാരായ സി.ടി.ഔസേപ്പ്, പ്രസാദ് കുമാർ.ബി, ഫിഷർമാൻ സബ്ഗ്രൂപ്പ് ചെയർമാൻ രഘു.സി, ഇസാഫ് ഗ്രൂപ്പ്‌ പി.ആർ.ഒ ജലാലുദിൻ സംസാരിച്ചു.

Related Stories

No stories found.
Pappappa
pappappa.com