

മോഹൻലാലിനെ നായകനാക്കി പ്രഖ്യാപിച്ച എൽ 365 ഉപേക്ഷിച്ചതായി നിർമാതാക്കൾ. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്നത് പുതിയൊരു സിനിമയായിരിക്കും എന്നും അവർ വ്യക്തമാക്കി. എൽ 365 സംവിധായകനായിരുന്ന ഓസ്റ്റിൻ ഡാൻ തോമസിനെ മാറ്റിയെന്നും തരുൺ മൂർത്തി ഈ ചിത്രം സംവിധാനം ചെയ്യുമെന്നുമുള്ള വാർത്തകൾക്ക് പിന്നാലെയാണ് അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്ന് ചിത്രം ഉപേക്ഷിച്ചതായുള്ള പ്രഖ്യാപനം വരുന്നത്.
അഞ്ചാം പാതിരയുടെ ചീഫ് അസോസിയേറ്റും നടനുമായ ഓസ്റ്റിൻ ഡാൻ തോമസ് എൽ 365 സംവിധാനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മോഹൻലാൽ വർഷങ്ങൾക്കുശേഷം പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമെന്ന വിശേഷണത്തോടെയായിരുന്നു പ്രഖ്യാപനം. വാഷ്ബേസിനരികെ ഊരിയിട്ട കാക്കിക്കുപ്പായത്തിന്റെ ചിത്രമുള്ള പോസ്റ്ററും പുറത്തിറക്കിയിരുന്നു. ‘അടി’, ‘ഇഷ്‌ക്’ എന്നീ ചിത്രങ്ങളുടെ രചയിതാവ് രതീഷ് രവിയായിരുന്നു തിരക്കഥാകൃത്ത്. ആദ്യപ്രഖ്യാപനത്തിനുശേഷം ആഘോഷമായിട്ടായിരുന്നു അണിയറ പ്രവർത്തകരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളും വാർത്തകളും. ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടറായി എത്തുന്നുവെന്നും ഷാജി കുമാർ ഛായാഗ്രാഹകനായി വരുന്നുവെന്നും ഇങ്ങനെ പ്രത്യേക പോസ്റ്ററുകളിലൂടെയാണ് അറിയിച്ചത്. പക്ഷേ ഇത്രയും എത്തിയ ഘട്ടത്തിലാണ് ചിത്രം ഉപേക്ഷിച്ചതായുള്ള അറിയിപ്പ് വരുന്നത്.
എന്നാൽ എൽ 365 അണിയറക്കാർ തന്നെയാണ് പുതിയ തരുൺമൂർത്തി ചിത്രത്തിലുമുള്ളത്. രതീഷ് രവിയാണ് തിരക്കഥ. ക്യാമറ ഷാജികുമാറും. എന്നാൽ ഇതിൽ മോഹൻലാലിന്റേത് പോലീസ് കഥാപാത്രമാണോ എന്ന് ഇനിയും വ്യക്തമായിട്ടില്ല. ഷൂട്ടിങ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുന്ന ആഷിഖ് ഉസ്മാൻ ചിത്രമായ മോളിവുഡ് ടൈംസിനു ശേഷം വരുന്ന ചിത്രവും, ദൃശ്യം 3 ക്ക് ശേഷം ചിത്രീകരണം ആരംഭിക്കുന്ന മോഹൻലാൽ ചിത്രവും ഇതായിരിക്കുമെന്നാണ് നിർമാണക്കമ്പനി അറിയിച്ചിരിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ ഉടൻ ഔദ്യോഗികമായി പുറത്ത് വരുമെന്നും അവർ വ്യക്തമാക്കി.