ആ മുൾക്കിരീടവുമായി സേതുമാധവൻ തിരിച്ചുവരുന്നു..'കിരീടം' റീ റിലീസ് ട്രെയിലർ നാളെ

'കിരീടം' റീ റിലീസ് പോസ്റ്റർ
'കിരീടം' റീ റിലീസ് പോസ്റ്ററിൽ നിന്ന് കടപ്പാട്-ഫേസ്ബുക്ക്
Published on

മലയാളിയുടെ ക്ലാസിക് ചിത്രമായ 'കിരീടം' വീണ്ടും തിരിച്ചെത്തുകയാണ്. ലോഹിതദാസ്- സിബിമലയില്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 4കെ അറ്റ്‌മോസ് മികവോടെ റീ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രയിലര്‍ ലോഞ്ച് ജൂണ്‍ 22 വൈകിട്ട് അഞ്ചിന് കലൂര്‍ ഗോകുലം പാര്‍ക്കില്‍ നടക്കും. മോഹന്‍ലാല്‍, സിബി മലയില്‍ എന്നിവരെക്കൂടാതെ ചിത്രത്തിന്റെ ഭാഗമായുള്ള നടന്മാര്‍, മറ്റ് അണിയറപ്രവര്‍ത്തകര്‍, ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Must Read
മഴയിൽ കുതിർന്ന് ക്ലാരയും പെയ്തുതോരാതെ പത്മരാജനും...
'കിരീടം' റീ റിലീസ് പോസ്റ്റർ

1989-ല്‍ ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം, വെറുമൊരു സാമ്പത്തികവിജയം മാത്രമായിരുന്നില്ല, മറിച്ച് മലയാളി പ്രേക്ഷകന്റെ നെഞ്ചില്‍ വീണ മുറിവുകളായിരുന്നു. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായാണ് കിരീടം അടയാളപ്പെടുത്തുന്നത്. സാധാരണക്കാരനായ യുവാവ്, സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ റൗഡിയായി മാറുന്നതാണ് കഥയുടെ ഇതിവൃത്തം.

അച്ഛന്റെ ആഗ്രഹപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ ആകാന്‍ തയ്യാറെടുക്കുന്ന സേതുമാധവന്‍ (മോഹന്‍ലാല്‍) എന്ന ശാന്തനായ യുവാവ്. എന്നാല്‍, അച്യുതന്‍ നായര്‍ (തിലകന്‍) എന്ന പോലീസുകാരനായ അച്ഛനെ തെരുവില്‍ കീരിക്കാടന്‍ ജോസ് എന്ന ഗുണ്ട ക്രൂരമായി മര്‍ദിക്കുന്നത് കാണുമ്പോള്‍, മകനായ സേതുമാധവന് കൈയും കെട്ടി നോക്കിനില്‍ക്കാന്‍ കഴിയുന്നില്ല. ആ ഒരു നിമിഷത്തെ പ്രതികരണം സേതുവിന്റെ ജീവിതത്തിലെ ദിശ മാറ്റിവരയ്ക്കുകയായിരുന്നു.

'കിരീടം' ട്രെയിലർ അനൗൺസ്മെന്റ് പോസ്റ്റർ
'കിരീടം' ട്രെയിലർ അനൗൺസ്മെന്റ് പോസ്റ്റർഅറേഞ്ച്ഡ്

മോഹന്‍ലാല്‍ അവതരിപ്പിച്ച സേതുമാധവന്‍ എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസില്‍ നൊമ്പരമായി നിലനില്‍ക്കുന്നു. സിനിമയുടെ ക്ലൈമാക്‌സില്‍ അച്ഛന്റെ മുന്‍പില്‍വെച്ച് കീരിക്കാടനെ കുത്തിവീഴ്ത്തിയ ശേഷം, ചോരപുരണ്ട കത്തി നിലവിളിയോടെ താഴെയിട്ട് കരയുന്ന സേതുമാധവന്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്.

പാര്‍വതി, തിലകന്‍, കവിയൂര്‍ പൊന്നമ്മ, ശ്രീനാഥ്, മുരളി, ശങ്കരാടി, മോഹന്‍രാജ് (കീരിക്കാടന്‍ ജോസ്) എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ഇവരില്‍ പലരും നമ്മോടൊപ്പമില്ലെങ്കിലും അവര്‍ അവശേഷിപ്പിച്ച കഥാപാത്രങ്ങള്‍ അനശ്വരമാണ്.

Pappappa
pappappa.com