
നടൻ കലാഭവൻ നവാസ്(51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് നിഗമനം,'പ്രകമ്പനം' എന്ന സിനിമയിൽ അഭിനയിക്കാനാണ് നവാസ് കൊച്ചിയിലെത്തിയത്. ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിലായിരുന്നു താമസം. വെള്ളിയാഴ്ച ഷൂട്ടിങ് പൂർത്തിയാക്കി മടങ്ങേണ്ടതായിരുന്നു.
രാത്രിയോടെ റൂം ഒഴിയുന്നതിനായി മുറിയിലേക്ക് പോയ നവാസ് ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിയത്താത്തതിനെത്തുടർന്ന് ജീവനക്കാരൻ അന്വേഷിച്ചുചെന്നപ്പോഴാണ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് കരുതുന്നത്. ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹം ഇപ്പോഴുള്ളത്.
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയായ നവാസ് സിനിമാ -നാടക നടനായിരുന്ന അബൂബക്കറിന്റെ മകനാണ്. മിമിക്രി വേദികളിലൂടെ നവാസ് കലാജീവിതം ആരംഭിച്ചു. കലാഭവനിലായിരുന്നു ആദ്യം. അങ്ങനെയാണ് കലാഭവൻ നവാസ് ആയി മാറിയത്. ധാരാളം വേദികളിൽ മിമിക്രി അവതരിപ്പിച്ചു. പിന്നീട സഹോദരൻ നിയാസ് ബക്കറോടൊപ്പം ചേർന്ന് കൊച്ചിൻ ആർട്സ് എന്ന ട്രൂപ്പ് ഉണ്ടാക്കി. 1995-ൽ ചൈതന്യം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് ഏഴരക്കൂട്ടം, മിമിക്സ് ആക്ഷൻ 500, മാട്ടുപ്പെട്ടി മച്ചാൻ,ഹിറ്റ് ലർ ബ്രദേഴ്സ്,മീനാക്ഷി കല്യാണം, എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു. അഭിനയച്ചവയിൽ ഭൂരിപക്ഷവും കോമഡി റോളുകളായിരുന്നു. 'ഇഴ'യാണ് അവസാന ചിത്രം. അടുത്തിടെയിറങ്ങിയ 'ഡിറ്റക്ടീവ് ഉജ്വലൻ' എന്ന സിനിമയിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. സിനിമകൾ കൂടാതെ ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. നാല്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കലാഭവൻ നവാസിന്റെ ഭാര്യ രഹ്ന അഭിനേത്രിയാണ്. മക്കൾ- മെഹ്റിൻ, റൈഹ്വാൻ, റിഥ്വാൻ. സഹോദരൻ നിയാസും അഭിനേതാവാണ്.