

ആന്റണി വര്‍ഗീസ് പെപ്പെയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'കാട്ടാളന്‍' ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പോടെ തുടക്കം കുറിച്ചു. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്നായി 9.02 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടത്.
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്നു മാത്രം ആദ്യദിനം 3.91 കോടി രൂപയാണ് ചിത്രം ഗ്രോസ് കളക്ഷനായി നേടിയത്. ഇതില്‍ സിംഹഭാഗവും കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ നിന്ന് മാത്രം 3.47 കോടി രൂപ ചിത്രം വാരിക്കൂട്ടി. വിദേശ വിപണിയിലും മികച്ച മുന്നേറ്റം കാഴ്ചവച്ച ചിത്രം റിലീസ് ഡേയില്‍ 5.11 കോടി രൂപയാണ് ഓവര്‍സീസ് കളക്ഷനായി നേടിയത്.
പ്രമുഖ ഇന്‍ഡസ്ട്രി ട്രാക്കര്‍മാരായ സാക്‌നില്‍കിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലുടനീളമുള്ള 3,358 ഷോകളില്‍ നിന്നായി 3.40 കോടി രൂപയാണ് ചിത്രം നെറ്റ് കളക്ഷന്‍ ഇനത്തില്‍ നേടിയത്. ചിത്രത്തിന്റെ ഒറിജിനല്‍ പതിപ്പായ മലയാളം തന്നെയാണ് കളക്ഷനില്‍ മുന്നില്‍. മലയാളത്തില്‍ 1,428 ഷോകളില്‍ നിന്നായി 48 ശതമാനം തിയറ്റര്‍ ഒക്യുപന്‍സിയോടെ 2.85 കോടി രൂപ നെറ്റ് കളക്ഷന്‍ നേടി.
മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും മൊഴിമാറ്റി എത്തിയ ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഹിന്ദി പതിപ്പ് 28 ലക്ഷം രൂപയും തെലുങ്ക് പതിപ്പ് 20 ലക്ഷം രൂപയും ഒന്നാം ദിനം നേടി. തമിഴ്, കന്നഡ പതിപ്പുകള്‍ യഥാക്രമം 5 ലക്ഷം, 2 ലക്ഷം രൂപ വീതവും സ്വന്തമാക്കിയിട്ടുണ്ട്.