

കെ കരുണാകരന്റെ സ്വപ്നതുല്യമായ പ്രോജക്ടായ തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സിനോട് നീതിപുലർത്തുക എന്ന ബാധ്യത യുഡിഎഫ് സർക്കാരിന് ഉണ്ടെന്നും പുതിയ പദ്ധതികൾ വരുമ്പോൾ നേരത്തെ ആരംഭിച്ചതും വളരെ പ്രതീക്ഷയോടെ സിനിമ ലോകം കണ്ടിരുന്നതുമായ നവീകരണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്നും സംവിധായകനും കെഎസ്എഫ്ഡിസി മുൻ ചെയർമാനുമായ കെ.മധു. കൊച്ചിയിൽ ഫിലിംസിറ്റിയുൾപ്പെടെയുള്ള പുതിയ പദ്ധതികൾ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നിലവിലുള്ള സംവിധാനങ്ങളെ കൂടുതൽ നവീകരിക്കാനും, സാമ്പത്തികമായി ശക്തീകരിക്കാനും, കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകാനുമാവണം സർക്കാർ അടിയന്തരമായി ശ്രദ്ധിക്കേണ്ടത്. അതിൻ്റെ തുടർച്ച എന്ന നിലയിൽ ആവണം ഫിലിം സിറ്റി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വളർത്തിക്കൊണ്ടു വരേണ്ടത് . എങ്കിൽ മാത്രമേ താഴെത്തട്ടിലുള്ള സിനിമാ പ്രവർത്തകർക്കും പുതുമുഖങ്ങൾക്കും ഡിജിറ്റൽ മീഡിയ പ്രവർത്തകർക്കും യഥാർത്ഥ പ്രയോജനം ലഭിക്കൂ- 'മലയാള സിനിമയ്ക്ക് പുതിയ പ്രതീക്ഷകൾ; ഒപ്പം ചില ഓർമപ്പെടുത്തലുകളും'എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ കെ.മധു അഭിപ്രായപ്പെട്ടു.
കെ.മധുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന വാർഷിക ബജറ്റിൽ സിനിമ വ്യവസായത്തിന് മുൻഗണന നൽകിക്കൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഏറെ സന്തോഷത്തോടെയാണ് ഞാൻ സ്വാഗതം ചെയ്യുന്നത്. സിനിമയെ ഒരു പ്രധാന വ്യവസായമായി പരിഗണിച്ച് അതിന് ആവശ്യമായ പിന്തുണ പ്രഖ്യാപിച്ചതും, കൊച്ചിയിൽ ഒരു പ്രത്യേക ഫിലിം സിറ്റി യാഥാർത്ഥ്യമാക്കുമെന്ന വാഗ്ദാനവും മലയാള ചലച്ചിത്ര ലോകത്തിന് വലിയൊരു ഊർജ്ജമാണ് നൽകുന്നത്. ദീർഘവീക്ഷണമുള്ള ഈ തീരുമാനങ്ങൾ ഒരു ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ഏറെ സന്തോഷം പകരുന്ന കാര്യമാണ്.
എങ്കിലും, ഒരു ചെറിയ ആശങ്ക പങ്കുവെക്കാതിരിക്കാൻ കഴിയില്ല. പുതിയ പദ്ധതികളും ഫിലിം സിറ്റികളും വരുമ്പോൾ, നിലവിൽ നമ്മുടെ സിനിമ മേഖലയെ കൈപിടിച്ച് ഉയർത്തിയ കെ.എസ്.എഫ്.ഡി.സി, കേരള സംസ്ഥാനചലച്ചിത്ര അക്കാദമി തുടങ്ങിയ അഭിമാന സ്ഥാപനങ്ങളെ നാം വിസ്മരിച്ചുകൂടാ. മലയാള സിനിമയുടെ വളർച്ചയിലും ചരിത്രത്തിലും ഈ സംവിധാനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല.
പുതിയ പ്രഖ്യാപനങ്ങളുടെ നിഴലിൽ വലിയ സാധ്യതകളുള്ള കെഎസ്എഫ്ഡിസി യുടെ ചിത്രാഞ്ജലി സ്റ്റുഡിയോ അവഗണിക്കപ്പെട്ടു പോകരുത്. ചിത്രാഞ്ജലിയുടെ നവീകരണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. നവീനമായ ഫ്ലോറുകൾ, സാങ്കേതിക സംവിധാനങ്ങൾ, തുടങ്ങിയവ ഏർപ്പെടുത്തുന്ന രണ്ടാംഘട്ടം പൂർത്തിയായി വരുന്ന സാഹചര്യത്തിലാണ് കെഎസ്എഫ്ഡിസിയുടെ മുൻ ചെയർമാൻ എന്ന നിലയിൽ ഞാൻ ആശങ്ക പങ്കുവയ്ക്കുന്നത്. വളരെ ചെറിയൊരു കാലയളവിൽ നവീകരണത്തിന്റെ രണ്ട് ഘട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ എനിക്ക് കഴിഞ്ഞു. എൻറെ യൗവനത്തിന്റെ നല്ലൊരു ശതമാനവും ചെലവിട്ട ഒരിടമാണ് ചിത്രാഞ്ജലി സ്റ്റുഡിയോ. അതേ സ്റ്റുഡിയോ കാലം മാറുന്നതനുസരിച്ച് മികവുറ്റതാക്കാനുള്ള നിയോഗവും എങ്ങനെയോ എന്റെ മുന്നിലെത്തുകയായിരുന്നു.
ആദരണീയനായ കെ കരുണാകരൻ സാറിന്റെ സ്വപ്നതുല്യമായ പ്രോജക്ടാണ് ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സ്. അതിനോട് നീതിപുലർത്തുക എന്ന ബാധ്യത ഒരു യുഡിഎഫ് സർക്കാരിനുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ പദ്ധതികൾ വരുമ്പോൾ നേരത്തെ ആരംഭിച്ചതും വളരെ പ്രതീക്ഷയോടെ സിനിമ ലോകം കണ്ടിരുന്നതുമായ നവീകരണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകണം.
നിലവിലുള്ള സംവിധാനങ്ങളെ കൂടുതൽ നവീകരിക്കാനും, സാമ്പത്തികമായി ശക്തീകരിക്കാനും, കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകാനുമാവണം സർക്കാർ അടിയന്തരമായി ശ്രദ്ധിക്കേണ്ടത്. അതിൻ്റെ തുടർച്ച എന്ന നിലയിൽ ആവണം ഫിലിം സിറ്റി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വളർത്തിക്കൊണ്ടു വരേണ്ടത്. എങ്കിൽ മാത്രമേ താഴെത്തട്ടിലുള്ള സിനിമാ പ്രവർത്തകർക്കും പുതുമുഖങ്ങൾക്കും ഡിജിറ്റൽ മീഡിയ പ്രവർത്തകർക്കും യഥാർത്ഥ പ്രയോജനം ലഭിക്കൂ. ചുരുക്കത്തിൽ പുതുമകളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമ്പോൾ തന്നെ, നമ്മൾ അടിത്തറ നൽകി വളർത്തിക്കൊണ്ടുവന്ന സ്ഥാപനങ്ങളെ കൂടുതൽ സുദൃഢമാക്കാൻ മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥും മുൻകൈ എടുക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.