
സംവിധായകൻ കെ.മധുവിനെ കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ(കെഎസ്എഫ്ഡിസി) ചെയർമാനായി നിയമിച്ചു. ഷാജി എൻ.കരുൺ അന്തരിച്ച ഒഴിവിലാണ് നിയമനം. ഇതുസംബന്ധിച്ച ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങി.
നിലവിൽ കെഎസ്എഫ്ഡിസി ഡയറക്ടർബോർഡ് അംഗമാണ് കെ.മധു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയായ ഇദ്ദേഹം ചരിത്രം കുറിച്ച കുറ്റന്വേഷണസിനിമകളിലൂടെയാണ് ശ്രദ്ധേയനായത്. മലരും കിളിയും എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. സി.ബി.ഐ സീരീസിൽ അഞ്ചുചിത്രങ്ങൾ സംവിധാനം ചെയ്ത് റെക്കോഡിട്ടു. ഇരുപതാംനൂറ്റാണ്ട്,നാദിയ കൊല്ലപ്പെട്ട രാത്രി,മൂന്നാംമുറ,അടിക്കുറിപ്പ്,അധിപൻ,ജനാധിപത്യം,ക്രൈംഫയൽ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു. കൃഷ്ണകൃപ എന്ന സിനിമാനിർമാണക്കമ്പനിയും അദ്ദേഹത്തിന്റേതായുണ്ട്. ഷാജി എൻ.കരുണിന്റെ നേതൃത്വത്തിൽ സർക്കാർ നടത്താനുദ്ദേശിച്ചിരുന്ന സിനിമ കോൺക്ലേവ് ആയിരിക്കും മധുവിന് പൂർത്തിയാക്കാനുള്ള ആദ്യദൗത്യം. സിനിമാനയം സംബന്ധിച്ച നടപടികളും കോൺക്ലേവും പാതിവഴിയിൽ നില്കെയാണ് ഷാജി എൻ.കരുൺ അന്തരിച്ചത്