

ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയെ നായകനാക്കി ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന ബിഗ് ബജറ്റ് ചിത്രം ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രചാരണങ്ങള്‍ക്കു വിരാമമിട്ട് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ആയുഷ്മാനെ നേരില്‍ കണ്ട നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ്, മുമ്പ് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളില്‍ ജൂഡ് വ്യക്തത വരുത്തിയത്.
മോഹന്‍ലാലിനെ 'സെക്കന്‍ഡറി കാസ്റ്റിങ്' എന്ന് വിശേഷിപ്പിച്ചത് ഹിന്ദി ചിത്രത്തിന്റെ നിര്‍മാതാക്കളാണെന്നും അതില്‍ നടന്‍ ആയുഷ്മാന്‍ ഖുറാനയ്ക്ക് യാതൊരു പങ്കുമില്ലെന്നും ജൂഡ് തുറന്നെഴുതി- 'ആയുഷ്മാനെ കണ്ടുമുട്ടാനായതില്‍ സന്തോഷം. മോഹന്‍ലാല്‍ സാറിനെക്കുറിച്ചുള്ള എന്റെ പരാമര്‍ശം ചിത്രത്തിന്റെ നിര്‍മാതാക്കളെ ഉദ്ദേശിച്ചുള്ളതായിരുന്നു, അതില്‍ ആയുഷ്മാന് യാതൊരു പങ്കുമില്ല. ഞങ്ങള്‍ക്കിടയില്‍ വലിയ പരസ്പര ബഹുമാനമുണ്ട്. ഉടന്‍ തന്നെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു...' എന്ന് ജൂഡ് കുറിച്ചു. മോഹന്‍ലാലിനായുള്ള കഥ കേട്ട് ആയുഷ്മാന്‍ ഏറെ സന്തോഷവാനായിരുന്നുവെന്നും ചിത്രം നടക്കാതെ പോയതില്‍ അദ്ദേഹത്തിന് പങ്ക് ഒന്നുമില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
ജൂഡിന്റെ പോസ്റ്റിന് മറുപടിയുമായി ആയുഷ്മാന്‍ ഖുറാനയും രംഗത്തെത്തി. 'ഞാന്‍ നിങ്ങളുടെ സിനിമകളുടെ വലിയൊരു ആരാധകനാണ്, ഉടന്‍ തന്നെ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഹന്‍ലാല്‍ സാറിനോട് എനിക്ക് വലിയ ബഹുമാനമുണ്ട്, അദ്ദേഹം ഒരു ഇതിഹാസമാണ്. ഭാവിയില്‍ എപ്പോഴെങ്കിലും അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിക്കുമെന്ന് കരുതുന്നു...' എന്ന് ആയുഷ്മാന്‍ മറുപടി നല്‍കി.
കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍, മോഹന്‍ലാലിനെ ഉള്‍പ്പെടുത്തി ചെയ്യാനിരുന്ന ഹിന്ദി ചിത്രത്തില്‍ നിനന്് അദ്ദേഹത്തെ നിര്‍മാണ സംഘം 'സെക്കന്‍ഡറി കാസ്റ്റ്' എന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ച് താന്‍ പിന്മാറുകയായിരുന്നുവെന്ന് ജൂഡ് വെളിപ്പെടുത്തിയിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തി സംവിധായകന്‍ തന്നെ രംഗത്തെത്തിയത്.