
ജയറാമും കാളിദാസ് ജയറാമും ഒന്നിക്കുന്ന സിനിമ വരുന്നു- 'ആശകൾ ആയിരം'. ഗോകുലം ഗോപാലൻ ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'ഒരു വടക്കൻ സെൽഫി'യിലൂടെ ശ്രദ്ധേയനായ ജി. പ്രജിത് ആണ്. ജൂഡ് ആന്റണി ജോസഫ് ആണ് ക്രിയേറ്റീവ് ഡയറക്ടർ.
2000-ൽ ജയറാം നായകനായ 'കൊച്ചുകൊച്ചുസന്തോഷങ്ങൾ' എന്ന സിനിമയിലൂടെയായിരുന്നു കാളിദാസിന്റെ അരങ്ങേറ്റം. അതിനുശേഷം എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു. 22വർഷത്തിനു ശേഷം ഇരുവരുംമലയാളത്തിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട് 'ആശകൾ ആയിര'ത്തിന്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് രചന. ബൈജു ഗോപാലനും വി.സി.പ്രവീണുമാണ് കോ-പ്രൊഡ്യൂസർമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.
ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് ശ്രീ ഗോകുലം മൂവീസാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.
ഛായാഗ്രഹണം-ഷാജി കുമാർ,പ്രോജക്ട് ഡിസൈനർ-ബാദുഷ എൻ.എം, എഡിറ്റർ-ഷഫീഖ് വി.ബി,സംഗീതം-സനൽദേവ്,ആർട്ട്-നിമേഷ് താനൂർ,കോസ്റ്റ്യൂം-അരുൺ മനോഹർ,മേക്കപ്പ്-ഹസൻ വണ്ടൂർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ബേബി പണിക്കർ,പബ്ലിസിറ്റി ഡിസൈൻ-ടെൻ പോയന്റ്,പി.ആർ.ഒ പ്രതീഷ് ശേഖർ.
താരസമ്പന്നമായ നിരവധി ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ നിർമ്മാണത്തിൽ അണിയറയിൽ ഒരുങ്ങുന്നത്. എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം കില്ലർ, സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ, ജയസൂര്യ നായകനാകുന്ന കത്തനാർ, ദിലീപ് നായകനാകുന്ന ഭ.ഭ.ബ എന്നിവയാണവ.