

പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ഐ നോബഡി' എന്ന ചിത്രത്തിന്റെ പകർപ്പവകാശം സംരക്ഷിക്കുന്നതിനായി മദ്രാസ് ഹൈക്കോടതി ജോൺ ഡോ ഉത്തരവ് പുറപ്പെടുവിച്ചു. ചിത്രത്തിന്റെ അനധികൃത ചിത്രീകരണം (കാംകോർഡിങ്), റെക്കോർഡിങ്, പകർപ്പെടുക്കൽ, അപ്‌ലോഡ്, പ്രക്ഷേപണം, വിതരണം, പങ്കുവെക്കൽ എന്നിവയുൾപ്പെടെ പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഈ ജസ്റ്റിസ് കെ. കുമരേഷ് ബാബു ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
പകര്‍പ്പവകാശ കേസുകളിലും ബൗദ്ധികസ്വത്തവകാശകേസുകളിലും മാത്രമാണ് ജോണ്‍ ഡോ ഓര്‍ഡർ ഇതുവരെ നേടിയെടുത്തിരുന്നത്. ഇന്ത്യയില്‍ ഇതിന് അശോക് കുമാര്‍ ഓര്‍ഡര്‍ എന്നാണ് പറയുന്നത്. എതിര്‍കക്ഷികള്‍ അജ്ഞാതരായിരിക്കെ അവര്‍ക്കെതിരേ ഉത്തരവ് നേടാനുള്ള വഴിയാണിത്. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേരുവിവരങ്ങളുള്‍പ്പെടെ അജ്ഞാതമായിരിക്കേയാണ് ഈ രീതി പ്രസക്തമാകുന്നത്. സിനിമയില്‍ ഇത് സ്വീകരിക്കാമെന്ന് നിയമവിദഗ്ദ്ധര്‍ നേരത്തെ തന്നെ പറയുന്നുണ്ടെങ്കിലും ആദ്യമായാണ് മലയാളസിനിമയിൽ ജോൺ ഡോ ഓർഡറിലൂടെ ഒരു സിനിമ സംരക്ഷണം നേടിയെടുക്കുന്നത്.
ജോൺ ഡോ കോടതി ഉത്തരവ് ബാധകമാകുന്നവർ
- തിയേറ്ററുകളിലോ പ്രിവ്യൂ ഷോകളിലോ പ്രമോഷണൽ പ്രദർശനങ്ങളിലോ ചിത്രത്തിന്റെ അനധികൃത വീഡിയോ ചിത്രീകരണം അല്ലെങ്കിൽ റെക്കോർഡിങ് നടത്തുന്നവർ.
- പൈറേറ്റഡ് ഉള്ളടക്കം പ്രക്ഷേപണം ചെയ്യുകയോ, അറിയിപ്പ് ലഭിച്ചിട്ടും അത് തടയുന്നതിൽ വീഴ്ച വരുത്തുകയോ ചെയ്യുന്ന കേബിൾ ഓപ്പറേറ്റർമാർ, എം.എസ്.ഒ., ഇന്റർനെറ്റ് സേവനദാതാക്കൾ, ഡി.ടി.എച്ച്. ഓപ്പറേറ്റർമാർ എന്നിവർ.
- പൈറേറ്റഡ് കോപ്പികൾ അപ്‌ലോഡ് ചെയ്യുകയോ ഹോസ്റ്റ് ചെയ്യുകയോ ലിങ്ക് നൽകുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന വെബ്സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, ടോറന്റ് സൈറ്റുകൾ, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ.
- വാട്ട്സ്ആപ്പ് ഉൾപ്പെടെയുള്ള മെസേജിങ് പ്ലാറ്റ്ഫോമുകളിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ പൈറേറ്റഡ് ലിങ്കുകളോ കോപ്പികളോ പ്രചരിപ്പിക്കുന്നവർ.
- പൈറേറ്റഡ് ഡിവിഡി, വിസിഡി അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ, ഭൗതിക പകർപ്പുകൾ നിർമ്മിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നവർ.
ലംഘനം കണ്ടെത്തുന്ന മുറയ്ക്ക് തന്നെ, പ്രത്യേക കോടതി ഉത്തരവുകൾ വാങ്ങേണ്ടതില്ലാതെ പൈറേറ്റഡ് വെബ്സൈറ്റുകൾ, ലിങ്കുകൾ, മറ്റ് ഉള്ളടക്കങ്ങൾ എന്നിവ ബ്ലോക്ക് ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനും ഇന്റർനെറ്റ് സേവനദാതാക്കൾക്കും ബന്ധപ്പെട്ട അധികാരികൾക്കും ആവശ്യമായ നടപടി സ്വീകരിക്കാൻ ഈ ഉത്തരവ് നിർമാതാക്കൾക്ക് അധികാരം നൽകുന്നുണ്ട്.
സിനിമാറ്റോഗ്രാഫ് ആക്ട്, 1952 (ഭേദഗതി ചെയ്ത പ്രകാരം), കോപ്പിറൈറ്റ് ആക്ട്, 1957, ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 എന്നിവ പ്രകാരം സിനിമയുടെ പൈറസി, അനധികൃത ചിത്രീകരണം, പ്രക്ഷേപണം, വിതരണം എന്നിവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് തടവും കനത്ത പിഴയും നഷ്ടപരിഹാരവും ഉൾപ്പെടെയുള്ള സിവിൽ, ക്രിമിനൽ നിയമനടപടികൾ നേരിടേണ്ടിവരും.
'ഐ നോബഡി' സിനിമയുടെ ഏതെങ്കിലും പൈറേറ്റഡ് അല്ലെങ്കിൽ അനധികൃത പതിപ്പ് റെക്കോർഡ് ചെയ്യുകയോ അപ്‌ലോഡ് ചെയ്യുകയോ ഹോസ്റ്റ് ചെയ്യുകയോ പങ്കുവെക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കെതിരെയും, ഗ്രൂപ്പുകൾക്കെതിരെയും, വെബ്സൈറ്റുകൾക്കും ആപ്പുകൾക്കും മറ്റ് സേവനദാതാക്കൾക്കുമെതിരെയും യാതൊരു വിട്ടുവീഴ്ചയും കൂടാതെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. ചിത്രവുമായി ബന്ധപ്പെട്ട പൈറസി ശ്രദ്ധയിൽപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും, തിയേറ്റർ ഉടമകളും, സിനിമാ മേഖലയിലെ സംഘടനകളും, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ തന്നെ തങ്ങളെയോ അധികാരികളെയോ അറിയിച്ച് സഹകരിക്കണമെന്നും അവർ അഭ്യർഥിച്ചു. നിർമാതാക്കൾക്കുവേണ്ടി അഡ്വ. സ്വേത ശ്രീധർ ആണ് കോടതിയിൽ ഹാജരായത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഇ ഫോര്‍ എക്‌സ്‌പെരിമെന്റ്‌സ് എന്നീ ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച്, നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദിനേശ് പുരുഷോത്തമനാണ്. ഹക്കീം ഷാജഹാന്‍, അശോകന്‍,വിജയരാഘവന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നിഷാന്ത് സാഗര്‍, നന്ദു, ഇര്‍ഷാദ് അലി, മനോജ് കെയു, സുധി കോഴിക്കോട്, സഞ്ജു ശിവറാം, ഖാലിദ് റഹ്‌മാന്‍, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ദിനേശ് ആലപ്പുഴ,റോണി വര്‍ഗീസ്, മഹേന്ദ്രന്‍, അല്‍ബിന്‍ അലക്‌സ്, ജിതിന്‍ മദനന്‍, നക്ഷത്ര, ഐറ, ബീന ചന്ദ്രന്‍, സന അല്‍ത്താഫ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.