
'ഓടും കുതിര ചാടും കുതിര' റിലീസായതിന് പിന്നാലെ 'ഓടുന്ന കുതിര' യെത്തന്നെ വീട്ടിലെത്തിച്ചിരിക്കുകയാണ് ഫഹദ് ഫാസിൽ. ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ഫെരാരിയുടെ വാഹന നിരയിലെ ഒരേയൊരു എസ്.യു.വി മോഡലായ പ്യുറോസാംഗ്വേ ആണ് ഫഫയുടെ ഗ്യാരേജിലെ പുതിയ അതിഥി. സിനിമകളുടെ തിരഞ്ഞെടുപ്പിലെപ്പോലെ വാഹനങ്ങളുടെ കാര്യത്തിലും വ്യത്യസ്തനാവുന്ന ഫഹദിന്റെ ഗ്യാരേജിലുംഈ വൈവിധ്യം കാണാം. ലംബോർഗിനിയുടെ സൂപ്പർ എസ്.യു.വി മുതൽ ടൊയോട്ടയുടെ ആഡംബര എം.പി.വി വരെ അതിനെ അലങ്കരിക്കുന്നു.
12.13 കോടി രൂപയാണ് പ്യുറോസാംഗ്വേയുടെ ഡൽഹിയിലെ എക്സ്ഷോറൂം വില. ബിയാൻകോ സെര്വിനോ ഫിനീഷിങ്ങിലാണ് ഫഹദ് സ്വന്തമാക്കിയ പ്യുറോസാംഗ്വേ. കാർബൺ ഫൈബറിലെ ബമ്പർ ഗാർണിഷുകൾ ഉൾപ്പെടെയുള്ളവ ആക്സസറിയായി നല്കിയിട്ടുണ്ട്. അതിനാൽ വില പിന്നെയും കൂടിയിട്ടുണ്ടാവാം. ഇരട്ട നിറങ്ങളിലാണ് അലോയി വീൽ. നീല നിറത്തിലുള്ള അസൂറോ സാന്റോറിനി ലെതറിലാണ് അകത്തളം. സീറ്റുകളിലും ഡാഷ്ബോർഡിലും ബ്രേക്ക് കാലിപ്പറിലും ഉൾപ്പെടെ ഈ നിറമാണ്. പ്രീമിയം സ്റ്റിച്ചിങ്ങിനൊപ്പം ഫെരാരിയുടെ ലോഗോയും സീറ്റുകളിലുണ്ട്. കാർബൺ പാക്കേജാണ് അകത്തളത്തിന്റെ മറ്റൊരു പ്രത്യേകത.
6.5 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 725 പിഎസ് പവറും 716 എൻ.എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എഫ് 1 ഗിയർബോക്സ് എന്ന് അറിയപ്പെടുന്ന എട്ട് സ്പീഡ് വെറ്റ് ക്ലെച്ച് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണിതിൽ.
ആഡംബര വാഹനങ്ങളുടെ വലിയ ശേഖരമാണ് ഫഹദ് ഫാസിലിന്റെ ഗ്യാരേജിലുള്ളത്. റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, ലംബോർഗിനി ഉറൂസ്, മെഴ്സിഡീസ് ബെൻസ് ജിഎൽഎസ് 450, ലാൻഡ് റോവർ ഡിഫൻഡർ, പോർഷെ 911 കരേര എസ്, മെഴ്സിഡീസ് ജി 63 എ.എം.ജി, ടൊയോട്ട വെൽഫയർ, ഫോക്സ് വാഗൺ ഗോൾഫ് ജിടിഐ, ലെക്സസ് എൽഎം 350 എച്ച് തുടങ്ങിയവ അതിലുണ്ട്.