

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത പുതിയ ചിത്രം 'ഐ ആം ഗെയിം' ബോക്സ് ഓഫീസില്‍ മികച്ച തുടക്കം കുറിച്ചു. സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിക്കുന്നതെങ്കിലും ആദ്യ ദിനം ആഗോളതലത്തില്‍ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.
ബോക്സ് ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്‌നില്‍ക്കിന്റെ കണക്കുകള്‍ പ്രകാരം റിലീസ് ദിനത്തില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 11.35 കോടി രൂപ ഗ്ലോബല്‍ ഗ്രോസ് നേടി. ഇന്ത്യയില്‍ നിന്ന് മാത്രം 5.40 കോടി രൂപ നെറ്റ് കളക്ഷന്‍ സ്വന്തമാക്കി. ഇതില്‍ 4.55 കോടി രൂപ മലയാളം വേര്‍ഷനില്‍ നിന്നും, 75 ലക്ഷം രൂപ തെലുങ്ക് പതിപ്പില്‍ നിന്നുമാണ്.
ഒരു ചൂതാട്ടക്കാരന്‍ അപ്രതീക്ഷിത സംഭവങ്ങളില്‍ ചെന്നുപെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആദ്യ പകുതിയും സാങ്കേതിക വശങ്ങളും മികച്ചതാണെന്ന് പ്രേക്ഷകര്‍ വിലയിരുത്തുമ്പോള്‍, രണ്ടാം പകുതിയിലെ ചില ഭാഗങ്ങള്‍ ഊഹിക്കാന്‍ കഴിയുന്നതാണെന്ന് പ്രേക്ഷക പ്രതികരണമുണ്ട്.
'കിങ് ഓഫ് കൊത്ത'യ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായി തിയേറ്ററുകളിലെത്തുന്ന മലയാള ചിത്രമാണിത്. കയാദു ലോഹര്‍, മിസ്‌കിന്‍, സംയുക്ത വിശ്വനാഥന്‍, കതിര്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.