

ദുൽഖർ സൽമാന്റെ പാൻ-ഇന്ത്യൻ ചിത്രം 'ആകാശംലോ ഒക താര'(AOT) യുടെ മലയാള പതിപ്പായ ‘ആകാശത്തിൽ ഒരു താരക’ത്തിന് ആഗോള തിയേറ്റർ റിലീസിന് മുന്നോടിയായി കേരളത്തിലെ തിരഞ്ഞെടുത്ത തിയേറ്ററുകളിൽ പ്രത്യേക പ്രീമിയർ. പവൻ സാധിനേനി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 20-നാണ് ലോകമെമ്പാടും തിയേറ്ററുകളിൽ എത്തുന്നത്. ഇതിന്റെ ഭാഗമായാണു കേരളത്തിൽ മലയാളം പ്രീമിയർ.
തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് പ്രത്യേക പ്രദർശനങ്ങൾ. പ്രണയവും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയ ഹൃദ്യമായ സിനിമാനുഭവമായിരിക്കും ചിത്രമെന്ന സൂചനയാണ് പുറത്തുവന്ന ട്രെയിലർ നൽകുന്നത്. കൃഷ്ണ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്ന സാത്വിക വീരവല്ലി കല്പന എന്ന വേഷം ചെയ്യുന്നു.
സമൂഹം നിശ്ചയിച്ച അതിരുകൾ ഭേദിച്ച് സ്വന്തം സ്വപ്നങ്ങൾ പിന്തുടരാൻ നിശ്ചയിച്ചുറച്ച കല്പനയുടെയും ആ യാത്രയിൽ അവൾക്കൊപ്പം നിലകൊള്ളുന്ന കൃഷ്ണയുടെയും കഥയാണ് ചിത്രം പറയുന്നത്. 'മഹാനടി', 'സീതാരാമം', 'ലക്കി ഭാസ്കർ' തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ ദുൽഖറിന്റെ അടുത്ത തെലുങ്ക് റിലീസ് കൂടിയാണിത്.
രോഹിണി എന്ന ശക്തമായ കഥാപാത്രത്തെ ശ്രുതി ഹാസൻ അവതരിപ്പിക്കുന്നു. പ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന വേഷമാണിത്. റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. കേരളത്തിലെ വിതരണം ദുൽഖറിന്റെ വേഫെയർ ഫിലിംസ് ആണ് നിർവഹിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി ചിത്രം തിയേറ്ററുകളിൽ എത്തും.