

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന, ജീത്തു ജോസഫ്-മോഹൻലാൽ ത്രില്ലർ "ദ്യശ്യം-3' റിലീസിനുമുമ്പുതന്നെ ചരിത്രമായി മാറി. 350 കോടി രൂപയുടെ പ്രീ-ബിസിനസ് ആണ് 'ദ്യശ്യം-3' സ്വന്തമാക്കിയത്. മോഹൻലാലിന്‍റെ ഹിറ്റ് ചിത്രമായ 'തുടരു'മിന്റെ നിർമാതാവ് എം. രഞ്ജിത് ആണ് മലയാള മനോരമയുടെ ഹോർത്തൂസ് സാംസ്കാരികോത്സവവേദിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. നിര്‍മാണം പൂർത്തിയാകുന്നതിനുമുമ്പ്, നേരത്തെ ഇന്ത്യന്‍ പ്രാദേശികഭാഷാ സിനിമകളൊന്നും ഇത്രയും വലിയ വരുമാനം നേടിയിട്ടില്ലെന്നും രഞ്ജിത് പറഞ്ഞു.
ഈ വെളിപ്പെടുത്തൽ ശരിയെങ്കിൽ മലയാളസിനിമയിൽ ഇതിഹാസനേട്ടം സ്വന്തമാക്കിയ ലോകയെയും 'ദ്യശ്യം-3' മറികടന്നു. ലോകയുടെ ആഗോള കളക്ഷൻ 300 കോടി കടന്നിരുന്നു. ഇന്ത്യയിലെ പ്രാദേശിക ചലച്ചിത്രനേട്ടങ്ങളെ മറികടന്നാണ് ദൃശ്യം3 റെക്കോഡ് സൃഷ്ടിക്കുന്നത്. റിലീസിനു മുമ്പ് ഇത്രയും കളക്ഷൻ നേടിയെങ്കിൽ ചിത്രം 1000 കോടി ക്ലബിൽ സ്ഥാനമുറപ്പിക്കുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.
നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനൊപ്പം മലയാളം സിനിമ-ദ് പവർ ബിഹൈൻഡ് ദ് റൈസ് എന്ന സെഷനിലാണ് ഹോർത്തൂസ് വേദിയിൽ എം.രഞ്ജിത് പങ്കെടുത്തത്. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്. അങ്ങനെ നോക്കിയാൽ എത്രയോ ഉയരത്തിലാണ് മലയാള സിനിമ എത്തിയിരിക്കുന്നത്. മികവുള്ള സിനിമകൾ കൂടുന്നുമുണ്ട്. ഏറ്റവും നല്ല തിയറ്റർ ഉള്ളതും കേരളത്തിലാണ്. തുടരും സിനിമ ഇറങ്ങിയതിനു ശേഷം കിട്ടിയ ഷെയർ 55 കോടി രൂപയാണ്. സിനിമ വിജയിക്കുമ്പോൾ ഏറ്റവും കൂടുതൽ പണം കിട്ടുന്നത് സർക്കാരിനാണെന്നും എം.രഞ്ജിത്ത് പറഞ്ഞു.
മലയാളത്തിലും ഹിന്ദിയിലും ഒരേ സമയം 'ദ്യശ്യം-3' റിലീസ് ചെയ്യുമോ എന്ന കാര്യത്തില്‍ ഫാന്‍ പേജുകളിലുടനീളം ചർച്ചകൾ നിറഞ്ഞിരുന്നു. എന്നാൽ, മലയാള പതിപ്പ് കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷമാണ് ഹിന്ദി പതിപ്പ് റിലീസ് ചെയ്യുകയെന്ന വാർത്തയും അതോടൊപ്പം നെറ്റിസൺസിനിടയിൽ തരംഗമായി. ഇതുമായി ബന്ധപ്പെട്ട് ജീത്തു ജോസഫും ദൃശ്യം ആരാധകനും തമ്മിലുള്ള ചാറ്റിന്റെ സ്ക്രീന്‍ഷോട്ടും പ്രചരിച്ചിരുന്നു. എന്നാൽ ഇതിന്‍റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നേരത്തെ, മലയാളം റിലീസിനുശേഷമായിരിക്കും ഹിന്ദി റിലീസ് എന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു.