

യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷെയ്ന്‍ നിഗം പോലീസ് വേഷത്തിലെത്തുന്ന ചിത്രം 'ദൃഢം' മേയ് എട്ടിന് പ്രദര്‍ശനത്തിനെത്തുന്നു. നവാഗതനായ മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എസ്‌ഐ വിജയ് രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുങ്ങുന്ന സിനിമയുടെ ട്രെയിലര്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിക്കഴിഞ്ഞു.
കുഴിനിലം എന്ന ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലേക്ക് പുതുതായി ചാര്‍ജെടുക്കാന്‍ എത്തുന്ന വിജയ് രാധാകൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. താന്‍ ഏറെ ആഗ്രഹിച്ചു നേടിയ ജോലിയില്‍ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന നായകന്‍, സ്റ്റേഷനില്‍ അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളെ നേരിടുന്നതാണു പ്രമേയം.
'കൊറോണ പേപ്പേഴ്‌സ്', 'വേല' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷെയ്ന്‍ വീണ്ടും പോലീസ് യൂണിഫോമിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാസ് പോലീസ് പരിവേഷത്തിനു പകരം, ഉത്തരവാദിത്തങ്ങളും മാനസിക സമ്മര്‍ദങ്ങളും സാധാരണ പോലീസുകാരനെ എങ്ങനെ ബാധിക്കുന്നു എന്നാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ജോലിയിലെ പുതുമുഖമായ നായകന്‍ വരുത്തുന്ന തെറ്റുകളും അതില്‍നിന്നു പാഠങ്ങള്‍ പഠിക്കുന്നതുമെല്ലാം തികച്ചും സ്വാഭാവികമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
ഷോബി തിലകന്‍, കോട്ടയം രമേഷ്, ദിനേശ് പ്രഭാകര്‍, കൃഷ്ണപ്രഭ തുടങ്ങിയ താരനിര അണിനിരക്കുന്ന ചിത്രം ഇ ഫോര്‍ എക്‌സ്‌പെരിമെന്റ്‌സും ജീത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറീസും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. മുകേഷ് ആര്‍ മെഹ്തയും സി.വി. സാരഥിയും ചേര്‍ന്നാണു നിര്‍മാണം.