
ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ഇന്ദ്രജിത്ത് സുകുമാരൻ. ചിത്രത്തിന്റെ പേര് 'ധീരം'. ഇന്ദ്രജിത്ത് പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ഈ സിനിമയുടെ റിലീസ് വിവരങ്ങൾ അടങ്ങിയ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റിൽ 'ധീരം' റിലീസ് ചെയ്യും. ഏറെകാലത്തിനുശേഷമാണ് ഇന്ദ്രജിത്ത് പ്രധാനവേഷത്തിലെത്തുന്ന ഒരു ചിത്രം പ്രേക്ഷകർക്കുമുന്നിലെത്തുന്നത്.
റെമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്നാണു ചിത്രം നിർമിക്കുന്നത്. നവാഗതനായ ജിതിൻ ടി.സുരേഷ് ആണ് ചിത്രത്തിന്റെ സംവിധാനം. ദീപു എസ്. നായർ-സന്ദീപ് സദാനന്ദൻ എന്നിവരാണ് തിരക്കഥ. ചിത്രത്തിലെ മുഴുവൻ താരങ്ങളെയും അവതരിപ്പിക്കുന്ന രീതിയിലാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.
രൺജി പണിക്കർ, അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറ- സൗഗന്ധ്. എഡിറ്റർ- നാഗൂരൻ രാമചന്ദ്രൻ, സംഗീതം- മണികണ്ഠൻ അയ്യപ്പ, പ്രൊഡക്ഷൻ ഡിസൈനർ- സാബു മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- തൻവിൻ നാസിർ.