

മലയാള സിനിമാ നിർമാണ രംഗത്തെ കരുത്തുറ്റ സാന്നിധ്യവും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ. റോയിയുടെ വിയോഗം സിനിമാലോകത്തെ നടുക്കിയിരിക്കുകയാണ്. ബിസിനസ് ലോകത്തെ വിസ്മയമായിരുന്ന റോയ്, കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് തന്നെ ചലച്ചിത്ര നിർമാണത്തിലേക്ക് എത്തിച്ചതെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ബാംഗ്ലൂരിലെ ഓഫീസിൽ ഇൻകം ടാക്സ് റെയ്ഡ് നടക്കുന്നതിനിടെ സ്വയം വെടിവെച്ചുമരിക്കുകയായിരുന്നു സി.ജെ.റോയ്.
തന്റെ പ്രിയ സുഹൃത്തിന്റെ വേർപാടിൽ വികാരവായ്പോടെയുള്ള കുറിപ്പാണ് നടൻ മോഹൻലാൽ പങ്കുവെച്ചത്. 'പ്രിയപ്പെട്ട സുഹൃത്ത് സി.ജെ. റോയിയുടെ വിയോഗം വിശ്വസിക്കാനാവാത്തതും അത്യന്തം വേദനാജനകവുമാണ്. ഈ വലിയ ദുഃഖത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയിൽ ഞാനും പങ്കുചേരുന്നു. അദ്ദേഹം ഒരു സുഹൃത്ത് എന്നതിലുപരിയായിരുന്നു... സ്നേഹത്തോടെയും ഊഷ്മളതയോടെയും എന്നും ഓർമിക്കപ്പെടും...' മോഹൻലാൽ എഴുതി. മോഹൻലാലുമായി വ്യക്തിപരമായും തൊഴിൽപരമായും റോയ് പുലർത്തിയിരുന്ന ആത്മബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു ഈ വാക്കുകൾ.
2012-ലെ റിപ്പബ്ലിക് ദിനത്തിൽ റിലീസ് ചെയ്ത 'കാസനോവ' എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് മലയാള സിനിമയിലേക്കു ചുവടുവയ്ക്കുന്നത്. ആ ചിത്രം പുറത്തിറങ്ങി കൃത്യം 14 വർഷം തികയുന്ന വേളയിലാണ് റോയിയുടെ വിയോഗ വാർത്തയുമെത്തിയത്. മലയാളത്തിലും കന്നഡയിലുമായി 11-ഓളം ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായ 'മരക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ സഹനിർമാതാവായിരുന്നു. സി.ജെ. റോയ് സഹനിർമ്മാതാവായ "അനോമി' അടുത്ത മാസം തിയറ്ററുകളിൽ എത്താനിരിക്കെയാണ് അപ്രതീക്ഷിത മടക്കം.
സിനിമാ നിർമാണത്തിൽ പണം മുടക്കുന്ന ഒരാൾ എന്നതിലുപരി, കലയെയും കലാകാരന്മാരെയും ബഹുമാനിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു സി.ജെ. റോയ്. ബിസിനസ് സാമ്രാജ്യത്തിന്റെ തിരക്കുകൾക്കിടയിലും സിനിമാ സെറ്റുകളിലെ ഊർജ്വസ്വലമായ സാന്നിധ്യമായിരുന്നു അദ്ദേഹം. തന്റെ സ്വപ്നങ്ങൾ ബാക്കിവച്ച് അദ്ദേഹം മടങ്ങുമ്പോൾ, മലയാള സിനിമയ്ക്ക് അതൊരു വലിയ നഷ്ടംതന്നെയാണ്.