'ചിന്ന ചിന്ന ആസൈ': വാരാണസിയുടെ ആൾത്തിരക്കിലെ ഏകാന്തഹൃദയങ്ങളുടെ കഥ

'ചിന്ന ചിന്ന ആസൈ' പോസ്റ്റർ
'ചിന്ന ചിന്ന ആസൈ' പോസ്റ്റർഅറേഞ്ച്ഡ്
Published on

ആഘോഷങ്ങൾ നിറയുന്ന ബിഗ് ബജറ്റ് സിനിമകൾക്കിടെ, മനുഷ്യബന്ധങ്ങളെ ആഴത്തില്‍തൊടുന്ന കൊച്ചു ചിത്രമാണ് 'ചിന്ന ചിന്ന ആസൈ'. നവാഗതയായ വര്‍ഷ വാസുദേവ് സംവിധാനം ചെയ്ത ഈ സിനിമ വാരാണസിയുടെ പശ്ചാത്തലത്തില്‍ രണ്ടു വ്യക്തികളുടെ ആത്മബന്ധത്തിന്റെ കഥയാണ് ഇതിവൃത്തമാക്കുന്നത്. തെന്നിന്ത്യന്‍ താരം മധുവും(മധുബാല) മലയാളത്തിന്റെ പ്രിയ നടന്‍ ഇന്ദ്രന്‍സും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം തികച്ചും ലളിതവും ഹൃദയസ്പര്‍ശിയുമായ ചലച്ചിത്രവിരുന്നാണ് സമ്മാനിക്കുന്നത്.

Must Read
'ചിന്ന ചിന്ന ആശൈ'യില്‍ വിഷ്ണു അഗസ്ത്യയും; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
'ചിന്ന ചിന്ന ആസൈ' പോസ്റ്റർ

മുന്‍കൂട്ടി നിശ്ചയിച്ച ഉറച്ചൊരു തിരക്കഥയുടെ ബലത്തിലല്ല, മറിച്ച് വാരാണസി അതിപുരാതന നഗരം സംവിധായിക വര്‍ഷ വാസുദേവിന് നല്‍കിയ അനുഭൂതിയില്‍ നിന്നാണ് ചിത്രം ജനിക്കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ യാത്രയില്‍, അര്‍ധരാത്രിയിലെ വാരാണസിയുടെ നിശബ്ദതയും അവിടെ തനിച്ചിരിക്കുന്ന മനുഷ്യരുടെ ഏകാന്തതയുമാണ് രണ്ട് അപരിചിതരെ കേന്ദ്രീകരിച്ച് കഥയെഴുതാന്‍ വര്‍ഷയ്ക്ക് പ്രചോദനമായത്. ലീല എന്ന തമിഴ് പശ്ചാത്തലമുള്ള സ്ത്രീയായി മധുവും, മാധവന്‍ എന്ന കഥാപാത്രമായി ഇന്ദ്രന്‍സും ചിത്രത്തില്‍ ഒന്നിക്കുന്നു. മണിരത്‌നത്തിന്റെ 'റോജ' എന്ന ചിത്രത്തോടുള്ള ഇഷ്ടവും, ലീലയുടെ ഭൂതകാലത്തിന് റോജയുമായുള്ള സാമ്യവുമാണ് ചിത്രത്തിന് 'ചിന്ന ചിന്ന ആശൈ' എന്ന പേരിടാന്‍ കാരണമായത്.

വർഷ വാസുദേവ്
വർഷ വാസുദേവ്ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

വാരാണസിയുടെ ജനത്തിരക്കിനിടയിലുള്ള ചിത്രീകരണം അണിയറപ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. കുംഭമേളയുടെ സമയത്തായിരുന്നു ഷൂട്ടിങ് എന്നതിനാല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുക അസാധ്യമായിരുന്നു. എങ്കിലും എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് വെറും 28 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വാരാണസിയെ കൃത്രിമത്വമില്ലാതെ, അതിന്റെ സ്വാഭാവികമായ ഭംഗിയോടെ ഒപ്പിയെടുക്കാന്‍ ഛായാഗ്രാഹകന്‍ ഫായിസ് സിദ്ദിഖിന് കഴിഞ്ഞിട്ടുണ്ട്.

'ചിന്ന ചിന്ന ആസൈ'യിൽ ഇന്ദ്രൻസിന്റെ ക്യാരക്ടർ പോസ്റ്റർ
'ചിന്ന ചിന്ന ആസൈ'യിൽ ഇന്ദ്രൻസിന്റെ ക്യാരക്ടർ പോസ്റ്റർഅറേഞ്ച്ഡ്

പാലക്കാട് പട്ടാമ്പി സ്വദേശിയായ വര്‍ഷ വാസുദേവ് എന്‍ജിനീയറിങ് പഠനത്തിന് ശേഷം രണ്ടു വര്‍ഷത്തോളം ഐടി മേഖലയില്‍ ജോലി ചെയ്തിരുന്നു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം ജോലി ഉപേക്ഷിച്ച് ഈ രംഗത്തേക്ക് കടന്നുവരികയായിരുന്നു. കോവിഡ് കാലത്ത് വര്‍ഷ സംവിധാനം ചെയ്ത 'എന്റെ നാരായണിക്ക്' എന്ന ഹ്രസ്വചിത്രം യൂട്യൂബില്‍ വലിയ ഹിറ്റായിരുന്നു. ഏകദേശം പത്തു മില്യണോളം ആളുകള്‍ കണ്ട ആ ഹ്രസ്വചിത്രം നല്‍കിയ ആത്മവിശ്വാസമാണ് വര്‍ഷയെ ആദ്യ ഫീച്ചര്‍ സിനിമയിലേക്ക് നയിച്ചത്.

'ചിന്ന ചിന്ന ആസൈ'യിൽ മധു
'ചിന്ന ചിന്ന ആസൈ'യിൽ മധുഅറേഞ്ച്ഡ്

സ്‌നേഹത്തെയും കരുണയെയും കുറിച്ചാണ് ചിന്ന ചിന്ന ആസെ സംസാരിക്കുന്നത്. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ, തിയേറ്ററുകളില്‍ ശാന്തമായി ഇരുന്ന് ആസ്വദിക്കാന്‍ കഴിയുന്ന ഒരു നല്ല അനുഭവമാണ് 'ചിന്ന ചിന്ന ആസൈ'.

Pappappa
pappappa.com