നാലു ദിവസം കൊണ്ട് 10 കോടി; ആഗോളതലത്തിൽ 25.21 കോടി കടന്ന് ചത്താ പച്ച

ചത്താ പച്ച സക്സസ് പോസ്റ്റർ
'ചത്താ പച്ച' സക്സസ് പോസ്റ്റർഅറേഞ്ച്ഡ്
Published on: 

2026-ലെ മലയാള സിനിമയിലെ ആദ്യത്തെ മഹാവിജയമായി മാറിയിരിക്കുകയാണ് 'ചത്താ പച്ച'. റിലീസ് ചെയ്ത് നാല് ദിനങ്ങളിൽ തന്നെ ആഗോളതലത്തിൽ 25.21 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയ ചിത്രം, സമീപകാല മലയാള സിനിമയിലെ ഏറ്റവും കരുത്തുറ്റ ഓപ്പണിങ്ങുകളിലൊന്നായി മാറി. കേരളത്തിൽ മാത്രം ഈ നാല് ദിവസത്തിനുള്ളിൽ 10 കോടി രൂപ എന്ന നാഴികക്കല്ല് ചിത്രം പിന്നിട്ടു കഴിഞ്ഞു.

Must Read
EXCLUSIVE:ഖാലിദ് റഹ്മാൻ- ക്യൂബ്സ് പ്രോജക്ട് അലസി; ഇനി രണ്ട് പുതിയ മമ്മൂട്ടിസിനിമകൾ
ചത്താ പച്ച സക്സസ് പോസ്റ്റർ

തിയേറ്ററുകളിൽ ആവേശകരമായ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ റെസ്ലിങ് സംസ്കാരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഈ മാസ് എന്റർടെയ്നറിലെ ആക്ഷൻ രംഗങ്ങളും കഥയും കഥാപാത്രങ്ങളും പ്രേക്ഷകരെ വളരെയധികം ആകർഷിച്ചു. മികച്ച അഭിപ്രായങ്ങൾ പ്രചരിക്കുന്നതിനൊപ്പം വീണ്ടും സിനിമ കാണാൻ എത്തുന്നവരുടെ എണ്ണവും വർധിക്കുകയാണ്. സിനിമ വൻ വിജയത്തിലേക്ക് മുന്നേറുമ്പോൾ ടൂപ്സ് ഇന്ത്യയുമായി സഹകരിച്ച് സിനിമയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ട്രേഡിങ് കാർഡുകളും ടീം പുറത്തിറക്കുകയാണ്.

'ചത്താ പച്ച' സക്സസ് പോസ്റ്റർ
'ചത്താ പച്ച' സക്സസ് പോസ്റ്റർഅറേഞ്ച്ഡ്

റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്ത്, റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ നിർമ്മിച്ച ചിത്രം നവാഗതനായ അദ്വൈത് നായർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരുടെ ഒപ്പം ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യവും ചിത്രത്തിൻ്റെ മാറ്റ് കൂട്ടി. ചിത്രം ലോകമെമ്പാടും മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ സ്വന്തം 'വാൾട്ടറിന്' പദ്മഭൂഷൺ ലഭിച്ചതിന്റെ ആവേശത്തിലാണ് ചത്താ പച്ചയുടെ പിള്ളേർ.

പ്രശസ്ത സംഗീത ത്രയം ശങ്കർ എഹ്സാൻ ലോയ് ആദ്യമായി മലയാളത്തിൽ സംഗീതം നിർവ്വഹിച്ച ചിത്രം കൂടിയാണിത്. മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം റെസ്ലിങ് രംഗങ്ങൾക്ക് ആവേശം പകർന്നു. വിനായക് ശശികുമാർ ആണ് ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് . ചിത്രത്തിന്റെ സംഗീത അവകാശം ടി-സീരീസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

'ചത്താ പച്ചാ' ട്രെയിലറിൽ മമ്മൂട്ടി
'ചത്താ പച്ചാ' ട്രെയിലറിൽ മമ്മൂട്ടിസ്ക്രീൻ​ഗ്രാബ്

സനൂപ് തൈക്കൂടം ഒരുക്കിയ തിരക്കഥയ്ക്ക് അനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചു. പ്രവീൺ പ്രഭാകർ ആണ് എഡിറ്റിങ്. കലൈ കിങ്‌സൺ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ സിനിമയ്ക്ക് വേറിട്ട ആവേശം നൽകുന്നുണ്ട്. വേഫെറർ ഫിലിംസ് (കേരളം), മൈത്രി മൂവി മേക്കേഴ്സ് (തെലങ്കാന & ഹൈദരാബാദ്), പി.വി.ആർ ഐനോക്സ് (തമിഴ്‌നാട്, കർണാടക), ധർമ്മ പ്രൊഡക്ഷൻസ് (നോർത്ത് ഇന്ത്യ), പ്ലോട്ട് പിക്ചേഴ്സ് (അന്താരാഷ്ട്ര തലം) എന്നിവരാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Pappappa
pappappa.com