

രൂപേഷ് പീതാംബരന് സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഭാസ്കരഭരണം' സെപ്റ്റംബര് 25-ന് തിയേറ്ററുകളിലെത്തും. 'തീവ്രം', 'യൂ ടൂ ബ്രൂട്ടസ്' എന്നീ ചിത്രങ്ങള്ക്കുശേഷം രൂപേഷ് വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണിത്. അച്ഛനും മകനും അവര്ക്കിടയിലുണ്ടാകുന്ന സംഘര്ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ഒരു കുടുംബത്തിലെ അസ്വസ്ഥതകളും സങ്കീര്ണതകളും കോമഡി പശ്ചാത്തലത്തില് അവതരിപ്പിക്കുന്ന ചിത്രത്തില് രൂപേഷിനെ കൂടാതെ അജയ് പവിത്രന്, സോണിക മീനാക്ഷി, മിഥുന് എം. ദാസ്, പാര്വതി കളരിയ്ക്കല് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസര് ഏറെ ശ്രദ്ധ നേടിയിരുന്നു.
ഗുഡ് ഫെല്ലസ് ഇന് ഫിലിംസ്, എന്ഐസിഎഫ്എഫ് എന്നീ ബാനറുകളില് ആറുമുഖം കെ. ഗൗഡ, റൂബി പീതാംബരന് എന്നിവര് ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്. ഉമാ കുമാരപുരം ഛായാഗ്രഹണം നിര്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അരുണ് തോമസും എഡിറ്റിങ് റഷീന് അഹമ്മദുമാണ്. 'സ്ഫടികം' സിനിമയിലെ ആടുതോമയുടെ ചെറുപ്പകാലവേഷത്തിലൂടെയും 'ഒരു മെക്സിക്കന് അപാരത'യിലെ കഥാപാത്രത്തിലൂടെയും അഭിനേതാവായും രൂപേഷ് ശ്രദ്ധേയനാണ്.