

മലയാള സിനിമയില്‍ തുടര്‍ഭാഗങ്ങള്‍ വരുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഒരേ കുടുംബ പശ്ചാത്തലത്തിലുള്ള കഥയെ ഓരോ ഭാഗത്തിലും വേറിട്ട ജോണറുകളില്‍ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു ഫ്രാഞ്ചൈസി മലയാളത്തില്‍ രൂപപ്പെടുകയാണ്. സൈജു കുറുപ്പ് നായകനായ 'ഭരതനാട്യം', 'മോഹിനിയാട്ടം' എന്നീ ചിത്രങ്ങള്‍ക്കു ശേഷം പരമ്പരയിലെ മൂന്നാം ഭാഗമായ 'രാസലീല'യുടെ പ്രഖ്യാപനം ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. മോഹിനിയാട്ടത്തിന്റെ വിജയാഘോഷത്തിലായിരുന്നു മൂന്നാംഭാഗത്തിന്റെ പ്രഖ്യാപനം.
മുന്‍ ചിത്രങ്ങള്‍ ഒരുക്കിയ കൃഷ്ണദാസ് മുരളി തന്നെയാണ് മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഒരു സാധാരണ കുടുംബചിത്രമായിട്ടായിരുന്നു 'ഭരതനാട്യം' എന്ന ആദ്യ ഭാഗത്തിന്റെ വരവ്. ഭരതന്‍ നായരുടെയും അയാളുടെ രണ്ട് കുടുംബങ്ങളുടെയും കഥ പറഞ്ഞ ചിത്രം തിയേറ്ററുകളില്‍ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും ഒടിടി പ്ലാറ്റ്ഫോമില്‍ എത്തിയതോടെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഈ ആത്മവിശ്വാസത്തിലാണ് രണ്ടാം ഭാഗമായ 'മോഹിനിയാട്ടം' അണിയറപ്രവര്‍ത്തകര്‍ തിയേറ്ററുകളില്‍ എത്തിച്ചത്. ഭരതന്‍ നായരുടെ മരണാനന്തര ചടങ്ങുകളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും ഒരു പക്കാ ഡാര്‍ക്ക് കോമഡി മൂഡിലാണ് സംവിധായകന്‍ അവതരിപ്പിച്ചത്.
സുരാജ് വെഞ്ഞാറമൂടു കൂടി എത്തിയതോടെ 'മോഹിനിയാട്ടം' സൈജു കുറുപ്പിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായി മാറി. മൂന്നാം ഭാഗമായ 'രാസലീല'യുടെ പ്രഖ്യാപന വീഡിയോ നല്‍കുന്ന സൂചനകള്‍ അനുസരിച്ച് ചിത്രം ഒരു ഹൊറര്‍ ത്രില്ലര്‍ ആയിരിക്കുമെന്ന സൂചനയാണു നല്‍കുന്നത്. ഒരേ കഥാപാത്രങ്ങളെവെച്ച് ഫീല്‍ ഗുഡ്, ഡാര്‍ക്ക് കോമഡി, ഹൊറര്‍ എന്നിങ്ങനെ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തുകയാണ് സംവിധായകന്‍ കൃഷ്ണദാസ് മുരളി.
മലയാള സിനിമാ ചരിത്രത്തില്‍ ഇത്തരമൊരു പരീക്ഷണം മുമ്പ് നടന്നിട്ടുള്ളത് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ 'ഇന്‍ ഹരിഹര്‍ നഗര്‍' പരമ്പരയിലാണ്. ആദ്യ ഭാഗം കോമഡി ആയിരുന്നെങ്കില്‍, രണ്ടാം ഭാഗമായ '2 ഹരിഹര്‍ നഗര്‍' ഒരു സസ്‌പെന്‍സ് ത്രില്ലറും, മൂന്നാം ഭാഗമായ 'ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍' ഒരു ഹൊറര്‍ കോമഡിയുമായിരുന്നു. ഈ മൂന്ന് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്. ഇതേ വിജയസൂത്രവാക്യം തന്നെയാണ് 'രാസലീല'യിലൂടെ അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.
കലാപ്രകടനങ്ങളുടെ പേരിട്ട് എത്തുന്ന ഈ സിനിമാ പരമ്പരയിലെ മൂന്നാം വട്ടവും സൈജു കുറുപ്പ്, കലാരഞ്ജിനി, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയ സ്ഥിരം അഭിനേതാക്കള്‍ക്കൊപ്പം വിനയ് ഫോര്‍ട്ട്, ദിവ്യ എം നായര്‍, ശ്രുതി സുരേഷ്, വിജയ് ബാബു തുടങ്ങിയ വലിയൊരു നിര തന്നെയുണ്ടാകുമെന്നാണ് സൂചന. 'മോഹിനിയാട്ട'ത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് 'രാസലീല'യിലും. കോ റൈറ്റർ:വിഷ്ണു ആർ. പ്രദീപ്, ഛായാഗ്രഹണം: ബബുലു അജു, എഡിറ്റിങ്-ഷഫീഖ് വി.ബി,സംഗീതം-ഇലക്ട്രോണിക് കിളി.