

നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആഗോളതലത്തില്‍ 300 കോടി ക്ലബ്ബിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന ചിത്രം, മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഇന്‍ഡസ്ട്രി ഹിറ്റുകളിലൊന്നായി മാറിക്കഴിഞ്ഞു.
ചിത്രത്തിനു പ്രേക്ഷകരില്‍ നിന്നു ലഭിക്കുന്ന വന്‍ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടും, സിനിമ വീണ്ടും തിയേറ്ററുകളില്‍ കാണാന്‍ പ്രേരിപ്പിച്ചുകൊണ്ടും 'Encore' എന്ന പേരില്‍ രണ്ടാമത്തെ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. 'ജസ്റ്റിന്‍ ചേട്ടായി' എന്ന കഥാപാത്രമായി നിവിന്‍ പോളിയും 'ആഷ്‌ലി'യായി മമിത ബൈജുവും വെള്ളിത്തിരയില്‍ നിറഞ്ഞപ്പോള്‍, ഇരുവര്‍ക്കുമിടയിലെ കോമഡി കെമിസ്ട്രിയാണ് ചിത്രത്തിന്റെ പ്രധാന വിജയകാരണം.
സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, റോഷന്‍, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, ശ്യാം മോഹന്‍,മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര അണിനിരന്ന ചിത്രം ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലിഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയിരിക്കുകയാണ് ഗിരീഷ് എ.ഡി ചിത്രം.