

അട്ടപ്പാടിയിലെ ഗോത്രഭാഷകളിൽ സിനിമകൾ ചെയ്ത് ശ്രദ്ധേയനായ സംവിധായകൻ വിജീഷ് മണി അട്ടപ്പാടിയിലെ ഗോത്രവൈദ്യത്തെ അടിസ്ഥാനമാക്കിയൊരുക്കിയ 'അട്ടപ്പാടി - ദ് വാലി ഓഫ് ഡിവൈൻ ഹിലീങ്' എന്ന ഡോക്യുഫിക്ഷൻ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അട്ടപ്പാടി താഴ്‌വരയിൽ മറഞ്ഞു കിടക്കുന്ന ദൈവിക സാന്ത്വനമായ ഗോത്ര വൈദ്യ വിജ്ഞാനം ലോകത്തിന് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സിനിമ ഒരുക്കിട്ടുള്ളതെന്ന് സംവിധായകൻ പറഞ്ഞു. ഈ മാസം 27 ന് ആണ് 'അട്ടപ്പാടി - ദ് വാലി ഓഫ് ഡിവൈൻ ഹിലീങ്' മേളയിൽ പ്രദർശിപ്പിക്കുന്നത്.
പനോരമനേട്ടം അഗളി ഐടിഡിപി ഓഫീസിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ഐടിഡിപി അസിസ്ററൻ്റ് പ്രൊജക്ട് ഓഫീസർ എം കന്തസ്വാമി, അഗളി പഞ്ചായത്ത് അദ്ധ്യക്ഷൻ ഷിബു സിറിയക് ഷോളയൂർ, പഞ്ചായത്ത് അംഗം ജി ഷാജു, സംവിധായകൻ വിജീഷ് മണി, അജിത്ത് ഷോളയൂർ, വഞ്ചിയമ്മ, വടുകിയമ്മ, കെ ശിവാനി എന്നിവർക്കൊപ്പം മറ്റു ഗോത്രകലാകാരന്മാരും ചടങ്ങിൽ പങ്കെടുത്തു.
ഇത് മൂന്നാം തവണയാണ് വിജീഷ് മണിയുടെ ചിത്രം ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. വിജീഷ് മണിയുടെ സിനിമകളിലെ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വിഷയങ്ങൾ മഖൻലാൽ ചതുർവേദി സർവകലാശാല വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പഠനവിഷയമാക്കിയിട്ടുണ്ട്. ഇവർ തയ്യാറാക്കിയ ഗവേഷണപ്രബന്ധം യു.ജി.സി കെയർ ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഒമാനി കവിയും, നടനുമായ സുൽത്താൻ അഹമ്മദ് അൽ മെഹ്‌മൂദി, വിജീഷ് മണി, തങ്കരാജ് കട്ടെക്കാട്, മധുസുദനൻ, മുരുകൻ, അയ്യപ്പൻ, വടികിയമ്മ, നഞ്ചിയമ്മ, വഞ്ചിയമ്മ, ശിവാനി, കൃഷ്ണവേണി, ശെൽവി തുടങ്ങിയവർ 'അട്ടപ്പാടി - ദ് വാലി ഓഫ് ഡിവൈൻ ഹിലീങ്' എന്ന ചിത്രത്തിൽ അണിനിരക്കുന്നു.
ഛായാഗ്രഹണം-ശരത്, കുമാർ, മുരുകേഷ്, ജിമോൻ ജോർജ്,എഡിറ്റിങ്-ബി ലെനിൻ,സൗണ്ട് ഡിസൈൻ-ഗണേഷ് മാരാർ, തിരക്കഥ-അജിത് ഷോളയൂർ, ഗാനരചന-സുൽത്താൻ അഹമ്മദ് അൽ മെഹ്മൂദി,സംഗീതം- വിജിഷ് മണി, പശ്ചാത്തല സംഗീതം- മിഥുൻ മലയാളം, പ്രൊഡക്ഷൻ കൺട്രോളർ-റോജി പി.കുര്യൻ, ലൊക്കേഷൻ മാനേജർ-രാമദാസ് അട്ടപ്പാടി,പിആർഒ-എ.എസ്. ദിനേശ്.