

സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനാകുന്ന മാസ് ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്. മെയ് എട്ടിനാണ് ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. മാധവ് സുരേഷ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ആരാധകര്‍ ഏറെ കാത്തിരുന്ന റിലീസ് വിവരം പങ്കുവച്ചത്. തിരുവനന്തപുരത്തെ അധോലോകത്തിന്റെ പശ്ചാത്തലത്തില്‍ പക്കാ മാസ് ആക്ഷന്‍ ചിത്രമാണ് 'അങ്കം അട്ടഹാസം'.
സുജിത്ത് എസ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം വെറുമൊരു ഗ്യാങ്സ്റ്റര്‍ പോരാട്ടം മാത്രമല്ല, സത്യവും അതിജീവനവും തമ്മിലുള്ള കടുത്ത സംഘര്‍ഷം കൂടിയാണ്. മാധവ് സുരേഷിനൊപ്പം മലയാളത്തിലെ കരുത്തുറ്റ താരങ്ങളായ സൈജു കുറുപ്പും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷങ്ങളില്‍ എത്തുന്നു എന്നത് ചിത്രത്തിന്റെ ആവേശം വര്‍ധിപ്പിക്കുന്നു. ട്രയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍ കുമാര്‍ ജിയും സാമുവല്‍ മത്തായിയും ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മഖ്ബൂല്‍ സല്‍മാന്‍, നന്ദു, അലന്‍സിയര്‍, എം.എ നിഷാദ്, സ്വാസിക, സിബി തോമസ് തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ശിവന്‍ എസ്. സംഗീതന്റെ ഛായാഗ്രഹണവും പ്രദീപ് ശങ്കറിന്റെ ചിത്രസംയോജനവും സിനിമയ്ക്ക് സാങ്കേതിക മികവേകും. ശ്രീകുമാര്‍ വാസുദേവ്, ഗായത്രി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
സുരേഷ് ഗോപി ചിത്രം 'ജെഎസ്‌കെ'യ്ക്ക് ശേഷം മാധവ് സുരേഷിന്റെ കരിയറിലെ നിര്‍ണായക ചിത്രമായിരിക്കും 'അങ്കം അട്ടഹാസം'. ഇതുകൂടാതെ 'ഗഗനചാരി'യുടെ സംവിധായകന്‍ ഒരുക്കുന്ന സോംബി കോമഡി ചിത്രം 'വാല'യും മാധവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.