

മലയാളികളുടെ പ്രിയതാരം നിഖില വിമലിന്റെ സഹോദരി അഖില വാര്‍ത്തകളില്‍ നിറയുന്നത് സിനിമയുടെ ഗ്ലാമര്‍ ലോകത്തെക്കുറിച്ചുള്ള വിശേഷങ്ങളിലല്ല, മറിച്ച് തന്റെ ജീവിതം ആത്മീയതയ്ക്കായി സമര്‍പ്പിച്ചതിലൂടെയാണ്. സന്യാസദീക്ഷ സ്വീകരിച്ച് 'അവന്തിക ഭാരതി' എന്ന നാമത്തിലേക്കു മാറിയ അഖിലയെ ഭാരതപ്പുഴയുടെ തീരത്തുനടന്ന മാഘോത്സവത്തില്‍ കണ്ട അമ്പരപ്പിലാണ് മലയാളികള്‍.
തിരുനാവായയിലെ മണപ്പുറത്ത്, ദക്ഷിണ കാശി എന്നറിയപ്പെടുന്ന പുണ്യഭൂമിയില്‍ നടന്ന കുംഭമേളയിലെ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു അവന്തിക ഭാരതി. ജുനാ പീഠാധീശ്വര്‍ ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നാണ് അഖില സന്യാസ ദീക്ഷ സ്വീകരിച്ചത്. മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, യോഗി അഭിനവ ബാലാനന്ദ ഭൈരവ എന്നിവര്‍ക്കൊപ്പം ദക്ഷിണേന്ത്യയുടെ ഈ മഹോത്സവത്തിനു ചുക്കാന്‍ പിടിക്കാനും അവന്തികയുണ്ടായിരുന്നു.
'എന്തൊരു തേജസ്, എന്തൊരു ഐശ്വര്യം! നിഖില വിമലിന്റെ സഹോദരി സന്ന്യാസം സ്വീകരിച്ചുവെന്ന് കേട്ടിരുന്നു, പക്ഷേ നേരില്‍ കാണുമെന്നു കരുതിയില്ല...' - സന്യാസവേഷത്തില്‍ ഭാരതപ്പുഴയില്‍ പുണ്യസ്‌നാനത്തിനെത്തിയ അഖിലയെ കണ്ട് ഒരു ബ്ലോഗര്‍ കുറിച്ച വാക്കുകളാണിത്.
അഖിലയുടെ ഈ മാറ്റം പെട്ടെന്നുണ്ടായ ഒന്നല്ല. മികച്ച വിദ്യാഭ്യാസ പശ്ചാത്തലമുള്ള വനിതയാണ് അഖില. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) യില്‍നിന്ന് തിയറ്റര്‍ ആര്‍ട്സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയിലെ പ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെലോ ആയിരുന്നു.കലയും പഠനവും യാത്രകളും ഇഷ്ടപ്പെട്ടിരുന്ന അഖില, കൃത്യമായ ബോധ്യത്തോടെയാണ് സന്ന്യാസത്തിന്റെ വഴി തെരഞ്ഞെടുത്തതെന്ന് അവരുടെ ഗുരു അഭിനവ ബാലാനന്ദ ഭൈരവ സാക്ഷ്യപ്പെടുത്തുന്നു.
അഖിലയുടെ തീരുമാനത്തെ പൂര്‍ണമനസോടെയാണ് നിഖില വിമലും കുടുംബവും പിന്തുണയ്ക്കുന്നത്. മുന്‍പ് നല്‍കിയ ഒരഭിമുഖത്തില്‍ നിഖില തന്റെ സഹോദരിയെക്കുറിച്ച് പറഞ്ഞിതങ്ങനെയാണ്: 'പ്രായപൂര്‍ത്തിയായ, ഉയര്‍ന്ന വിദ്യാഭ്യാസവും ചിന്തിക്കാനുള്ള ശേഷിയുമുള്ള ഒരാള്‍ക്ക് സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞങ്ങളുടേത് ഒരു സാധാരണ കുടുംബമല്ല. അച്ഛന്‍ ഒരു നക്‌സലൈറ്റായിരുന്നു. അതുകൊണ്ടുതന്നെ ഒരു നക്‌സലൈറ്റിന്റെ മകള്‍ എങ്ങനെ സന്ന്യാസിയായി എന്ന ചോദ്യത്തില്‍ അര്‍ഥമില്ല.'
കലാമണ്ഡലം വിമലാദേവിയുടെയും എം.ആര്‍. പവിത്രന്റെയും മക്കളായ അഖിലയും നിഖിലയും നൃത്തം അഭ്യസിച്ചവരാണ്. സന്ന്യാസിനിയുടെ വേഷത്തിലുള്ള അഖിലയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.