

തിയേറ്ററുകളില്‍ ചിരിയുടെ പൂരം തീര്‍ത്ത് ജയസൂര്യ-മിഥുന്‍ മാനുവല്‍ തോമസ് കൂട്ടുകെട്ടിന്റെ 'ആട് 3: വണ്‍ ലാസ്റ്റ് റൈഡ് - പാര്‍ട്ട് 1'. റിലീസ് ചെയ്ത് ആദ്യ രണ്ടു ദിനങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം 12.28 കോടി രൂപ ആഗോള ഗ്രോസ് കളക്ഷന്‍ കരസ്ഥമാക്കി. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കറായ സാക്‌നില്‍ക്കിന്റെ കണക്കുകള്‍ പ്രകാരം വരും ദിവസങ്ങളില്‍ കളക്ഷന്‍ ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മലയാള സിനിമയിലെ ജനപ്രിയ കോമഡി ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിനു മികച്ച പ്രതികരണമാണു പ്രേക്ഷകരില്‍നിന്നും നിരൂപകരില്‍നിന്നും ലഭിക്കുന്നത്. സമീപകാലത്ത് റിലീസ് ചെയ്ത ചില വലിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ കിതച്ച സാഹചര്യത്തില്‍ 'ആട് 3' കൈവരിച്ച നേട്ടം സിനിമാമേഖലയ്ക്കു വലിയ ആശ്വാസമായി.
പതിവ് ആട് ചിത്രങ്ങളില്‍നിന്നു വ്യത്യസ്തമായി രണ്ടു കാലഘട്ടങ്ങളിലായാണു കഥ നടക്കുന്നത്. ഷാജി പാപ്പനും സംഘവും പതിനെട്ടാം നൂറ്റാണ്ടിലും വര്‍ത്തമാനകാലത്തുമായി എത്തുന്ന നോണ്‍-ലീനിയര്‍ കഥാപരിസരം ചിത്രത്തിനു പുതുമ നല്‍കുന്നു. പീരിയഡ് ഡ്രാമയുടെ ഗൗരവവും ആടിന്റെ തനത് ആക്ഷേപഹാസ്യശൈലിയും സമന്വയിപ്പിച്ചാണു ചിത്രം ഒരുക്കിയിരിക്കുന്നത്.
ജയസൂര്യക്കൊപ്പം വിനായകന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, വിജയ് ബാബു തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ആട് 3-യുടെ ആവേശകരമായ സ്വീകരണം ചിത്രത്തിന്റെ പുതിയ ഭാഗത്തിനായുള്ള കാത്തിരിപ്പ് വര്‍ധിപ്പിച്ചിരിക്കുകയാണ്. വൈകാതെ തന്നെ അടുത്ത ഭാഗം തിയറ്ററുകളില്‍ എത്തുമെന്നാണു സൂചന. വമ്പന്‍ മേക്കിങ്ങും ആകാംക്ഷ നിറഞ്ഞ ക്ലൈമാക്‌സും ചിത്രത്തെ കുടുംബപ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാക്കുന്നു.