
ബെംഗളൂരു നഗരത്തിൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കി നവാഗതനായ അശോക് സാമ്രാട്ട് സംവിധാനം ചെയ്യുന്ന 'അവനിരബേക്കിട്ട്' ജൂൺ 27ന് തിയറ്ററുകളിൽ എത്തുന്നു. കഴിഞ്ഞവർഷം ജനുവരിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾ പൂർത്തിയാകാത്തതുകൊണ്ട് റിലീസ് നീട്ടിവെച്ചതെന്ന് പ്രവർത്തകർ പറഞ്ഞു.
16 വർഷമായി കന്നഡസിനിമാലോകത്ത് പ്രവർത്തിക്കുന്നയാളാണ് അശോക് സാമ്രാട്ട്. നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. 'അവനിരബേക്കിട്ട്' നഷ്ടപ്പെട്ട വ്യക്തിത്വം പ്രമേയമാകുന്ന സിനിമയാണെന്ന് അശോക് സാമ്രാട്ട് പറഞ്ഞു. തന്‍റെ ജീവിതത്തിലെ ഒരു സംഭവമാണ് സിനിമയുടെ തിരക്കഥ എഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകിയ 'അവനിരബേക്കിട്ട്' പ്രേക്ഷരെ മുൾമുനയിൽ നിർത്തുന്ന സസ്പെൻസ്-ത്രില്ലർ ആണ്. ഭരത് ഹാസൻ,പ്രശാന്ത് സിദ്ധി, സൗമ്യാ ജോൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. നോവിക സിനി പ്രൊഡക്ഷന്റെ ബാനറിൽ മുരളി ബി.ടിയാണ് നിർമാണം.