

കെജിഎഫ് നായകന്‍ യാഷിന്റെ ബിഗ് ബജറ്റ് ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സി'ന്റെ പുത്തന്‍ ടീസര്‍ ഫെബ്രുവരി 20 രാവിലെ 9.35ന് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍. രണ്‍വീര്‍ സിങ് നായകനാകുന്ന 'ധുരന്ധര്‍ 2: ദ റിവഞ്ച്' എന്ന ചിത്രവുമായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ തയാറെടുക്കുന്ന ടോക്‌സിക്, മാര്‍ച്ച് 19ന് തിയറ്ററുകളില്‍ എത്തും.
അതിനിടെ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പ്രമേയത്തിലെ ഇരുണ്ട വശങ്ങളെയും അക്രമത്തിന്റെ പശ്ചാത്തലത്തെയും സൂചിപ്പിക്കുന്ന തരത്തിലാണ് പുതിയ പോസ്റ്റര്‍. ഇതില്‍ യാഷ് അവതരിപ്പിക്കുന്ന 'രായ' എന്ന കഥാപാത്രം മുഖം വ്യക്തമാക്കാതെ മദ്യം കഴിക്കുന്നതായാണു കാണാന്‍ കഴിയുന്നത്. വയലന്‍സും നിഗൂഢതയും നിറഞ്ഞ ലഹരി ലോകത്തെയാണ് പോസ്റ്റര്‍ ഓര്‍മിപ്പിക്കുന്നത്. നേരത്തെ ജനുവരി എട്ടിന് യാഷിന്റെ 40-ാം ജന്മദിനത്തില്‍ പുറത്തിറങ്ങിയ ഇന്‍ട്രൊഡക്ഷന്‍ ടീസര്‍ വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു.
ടീസറിലെ ചില രംഗങ്ങള്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കാറിനുള്ളിലെ ലൈംഗിക ദൃശ്യങ്ങളെച്ചൊല്ലിയായിരുന്നു വിവാദം. ആം ആദ്മി കർണാടക വനിതാകമ്മീഷനിൽ പരാതി നൽകുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് നാഷണല്‍ ക്രിസ്ത്യന്‍ ഫെഡറേഷനും ചിത്രത്തിനെതിരെ ഔദ്യോഗിക പരാതി നല്‍കിയിട്ടുണ്ട്. വിശുദ്ധ മിഖായേല്‍ മാലാഖയുടെ സാന്നിധ്യത്തില്‍ മോശമായ രംഗങ്ങള്‍ ചിത്രീകരിച്ചത് ക്രിസ്ത്യന്‍ സമൂഹത്തോടുള്ള അനാദരവാണെന്നാണ് സംഘടനയുടെ ആരോപണം. ഈ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും തിരുത്തലുകള്‍ വരുത്തണമെന്നുമാണ് സംഘടനയുടെ ആവശ്യം.
1940-കളിലെ ഗോവയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കൊളോണിയല്‍ ഭരണം അവസാനിക്കുന്ന കാലഘട്ടത്തില്‍ അക്രമത്തിലൂടെയും ചതിയിലൂടെയും വളരുന്ന ഗ്യാങ്സ്റ്റര്‍ സാമ്രാജ്യത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യാഷിനൊപ്പം നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ വന്‍ താരനിര ചിത്രത്തിലുണ്ട്. യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്, കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ സിനിമ മൊഴിമാറ്റി എത്തും.
മികച്ച സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് പിന്നിലുള്ളത്. ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ക്യാമറയും, രവി ബസ്രുർ സംഗീതവും നിർവഹിക്കുന്നു. ഉജ്വൽ കുൽക്കർണിയാണ് എഡിറ്റർ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി, ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കെച്ച കെംബ്ക്ഡി എന്നിവർ ചേർന്നാണ് സംഘട്ടനം ഒരുക്കുന്നത്. ടി.പി ആബിദാണ് പ്രൊഡക്ഷൻ ഡിസൈൻ. കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണനും യഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.