

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ഹിറ്റിനുശേഷം പാൻ ഇന്ത്യൻ താരം യാഷ് നായകനാകുന്ന 'ടോക്സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്സി'ന്റെ പുതിയ ടീസർ റിലീസ് ചെയ്തു. വയലൻസും മാസ് രംഗങ്ങളുംകൊണ്ട് നിറഞ്ഞതാണ് ടീസറിലെ ഓരോ ഫ്രെയിമും. ചലച്ചിത്രപ്രേമികളെ ഒന്നടങ്കം ഞെട്ടിക്കുന്ന തരത്തിലുള്ള ആക്ഷൻ പൂരമായിരിക്കും ടോക്സിക് എന്ന സൂചനയാണ് ടീസർ നല്കുന്നത്.
ഇരുണ്ട പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ടീസർ, ആക്ഷന്റെ ലോകത്തേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. 'രായ' എന്ന കഥാപാത്രമായി യാഷ് അഴിഞ്ഞാടുകയാണ്. ശത്രുക്കൾ തന്നേക്കാൾ കരുത്തരാണെന്ന മുന്നറിയിപ്പുകൾക്ക് പുല്ലുവില കല്പിക്കുന്ന രായയെയാണ് കാണാൻ കഴിയുക. 'ഗെയിം ഓവർ' എന്ന് രായ പറഞ്ഞാൽ അത് കഴിഞ്ഞു എന്നാണ് അർഥം. കൈകാലുകൾ ഒടിക്കുന്നതും തലയറുക്കുന്നതുമായ അതിക്രൂര രംഗങ്ങൾ ടീസറിലുടനീളമുണ്ട്. മുമ്പ് പുറത്തിറങ്ങിയ ഇൻട്രൊഡക്ഷൻ ടീസറിനെപ്പോലെ തന്നെ ഇത്തവണയും വിവാദങ്ങൾക്കു വഴിവച്ചേക്കാവുന്ന ചില രംഗങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇൻട്രൊഡക്ഷൻ ടീസർ പുറത്തുവന്നപ്പോൾ മുതൽ ടോക്സിക് വിവാദ നിഴലിലായിരുന്നു. ലൈംഗികതയും അമിത വയലൻസും സിനിമ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. നയൻതാര, ഹുമ ഖുറേഷി, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും മൊഴിമാറ്റി എത്തും. മാർച്ച് 19ന് ചിത്രം തിയറ്ററുകളിലെത്തും. 'ധുരന്ധർ: ദി റിവഞ്ച്' എന്ന ചിത്രവുമായാണ് ടോക്സിക്കിന്റെ ബോക്സ് ഓഫീസ് പോരാട്ടം.