ടോക്‌സിക്കും ധുരന്ധറും നേര്‍ക്കുനേര്‍; ബോക്‌സ് ഓഫീസ് യുദ്ധം മുറുകുന്നു

ധുരന്ധർ,ടോക്സിക് പോസ്റ്ററുകൾ
ധുരന്ധർ,ടോക്സിക് പോസ്റ്ററുകൾഅറേഞ്ച്ഡ്
Published on

ഇന്ത്യന്‍ ചലച്ചിത്രലോകം ഉറ്റുനോക്കുന്ന വമ്പന്‍ ബോക്‌സ് ഓഫീസ് പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. മാര്‍ച്ചില്‍ കന്നഡ സൂപ്പര്‍താരം യാഷിന്റെ ടോക്‌സിക്, ബോളിവുഡ് ബ്രഹ്‌മാണ്ഡ ചിത്രം ധുരന്ധര്‍: ദി റിവഞ്ച് എന്നിവ നേര്‍ക്കുനേര്‍ വരുമ്പോള്‍ ബോക്‌സ് ഓഫീസില്‍ തീപാറുമെന്ന് ഉറപ്പാണ്. എന്നാല്‍ ഈ പോരാട്ടത്തില്‍ കേവലം താരമൂല്യം മാത്രമല്ല, വിതരണ രംഗത്തെ തന്ത്രപരമായ നീക്കങ്ങളും നിര്‍ണായകമാകുന്നു.

Must Read
പാകിസ്ഥാനില്‍ നരനായാട്ടുമായി രണ്‍വീര്‍; ആവേശത്തീ പടർത്തി 'ധുരന്ധര്‍ 2' ടീസര്‍
ധുരന്ധർ,ടോക്സിക് പോസ്റ്ററുകൾ

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ടോക്‌സിക്കിന്റെ ആന്ധ്രാപ്രദേശ്, തെലങ്കാന വിതരണാവകാശം പ്രമുഖ മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ പിവിആർ ഐനോക്സ് പിക്ചേഴ്സ് സ്വന്തമാക്കിയിരിക്കുകയാണ്. ഏകദേശം 40 കോടി രൂപയുടെ അഡ്വാന്‍സ് തുകയ്ക്കാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നത് എന്നാണ് സൂചന. കമ്മീഷന്‍ വ്യവസ്ഥയിലായിരിക്കും വിതരണം.

ആന്ധ്രയിലെയും തെലങ്കാനയിലെയും പ്രാദേശിക വിതരണക്കാര്‍ക്ക് സബ്-ടെറിട്ടറി അടിസ്ഥാനത്തില്‍ ചിത്രം മറിച്ചുനല്‍കാനാണ് പ്ലാന്‍. ചില പ്രധാന മേഖലകള്‍ പിവിആർ ഐനോക്സ് തന്നെ നേരിട്ട് കൈകാര്യം ചെയ്യും. കരാറിന് കേവലം ഒരു പ്രാദേശിക വിതരണ കരാറിനേക്കാള്‍ വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ശൃംഖലയാണ് പിവിആർ ഐനോക്സ്. ടോക്‌സിക് നിര്‍മാതാക്കള്‍ അവരുമായി കൈകോര്‍ക്കുമ്പോള്‍, രാജ്യത്തെമ്പാടുമുള്ള മള്‍ട്ടിപ്ലക്‌സുകളില്‍ പ്രേക്ഷകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇതു സഹായകമായേക്കാം. പ്രത്യേകിച്ച് ഹിന്ദി ബെല്‍റ്റിലും ബംഗളൂരുവിലും ധുരന്ധര്‍ പോലൊരു വമ്പന്‍ ചിത്രത്തോടൊപ്പം റിലീസ് ചെയ്യുമ്പോള്‍ കൂടുതല്‍ സ്‌ക്രീനുകള്‍ നേടിയെടുക്കാന്‍ പിവിആർ ഐനോക്സുമായുള്ള ബന്ധം യാഷ് ചിത്രത്തിനു ഗുണകരമാകും.

'ടോക്സിക്' ടീസറിൽ യാഷ്
'ടോക്സിക്' ടീസറിൽ യാഷ്സ്ക്രീൻ​ഗ്രാബ്

എങ്കിലും ടോക്‌സിക്കിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. പിവിആറിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയുടെ രണ്ടാം ഭാഗമാണ് ധുരന്ധര്‍: ദ റിവഞ്ച്. തങ്ങളുടെ ഏറ്റവും ലാഭകരമായ ഒരു ഫ്രാഞ്ചൈസിയെ പിണക്കാന്‍ മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ തയാറാകില്ല.

വിപണിയിലെ ചലനങ്ങള്‍ സൂചിപ്പിക്കുന്നത് റിലീസിന് മുന്‍പേ തന്നെ സ്‌ക്രീനുകള്‍ക്കും ഷോ ടൈമിംഗിനുമായി വലിയൊരു അണിയറ യുദ്ധം നടക്കുന്നുണ്ടെന്നാണ്. എന്നാല്‍ ഒരേ ദിവസം രണ്ട് വമ്പന്‍ ചിത്രങ്ങള്‍ വരുന്നത് ബിസിനസിനെ ബാധിക്കുമെന്നതിനാല്‍ ഒരു ഒത്തുതീര്‍പ്പിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

'ധുരന്ധർ 2' ട്രെയിലറിൽ രൺവീർ സിങ്
'ധുരന്ധർ 2' ട്രെയിലറിൽ രൺവീർ സിങ്സ്ക്രീൻ​ഗ്രാബ്

ഷാരൂഖ് ഖാന്റെ കിങ് 200 കോടിയുടെ ഓഫര്‍ നേടിയ വാര്‍ത്തകള്‍ക്ക് പിന്നാലെ എത്തുന്ന ടോക്‌സിക് അപ്‌ഡേറ്റ് സിനിമാ വിപണിയെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്. പോരാട്ടം മുറുകുമ്പോള്‍ യാഷ് എന്ന പാന്‍ ഇന്ത്യന്‍ സ്റ്റാറിന്റെ കരുത്തും പിവിആർ ഐനോക്സിന്റെ വിതരണ തന്ത്രങ്ങളും ചേര്‍ന്ന് ബോക്‌സ് ഓഫീസില്‍ എന്ത് മാറ്റമുണ്ടാക്കുമെന്ന് ആരാധകര്‍ കാത്തിരുന്നു കാണേണ്ടി വരും.

Related Stories

No stories found.
Pappappa
pappappa.com