

തെന്നിന്ത്യന്‍ സൂപ്പര്‍താരം യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സ്' പ്രഖ്യാപന സമയം മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണ്. എന്നാല്‍ സിനിമയുടെ ടീസറിനെച്ചൊല്ലി കര്‍ണാടകയില്‍ ഉയര്‍ന്ന വിവാദങ്ങള്‍ ഇപ്പോള്‍ രാജ്യവ്യാപകമായി ചര്‍ച്ചയായിരിക്കുകയാണ്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി.
സിനിമയുടെ ടീസറിനെതിരെ കര്‍ണാടകയിലെ ആം ആദ്മി പാര്‍ട്ടി വനിതാ വിഭാഗം പരാതി നല്‍കുകയും പിന്നാലെ വനിതാ കമ്മീഷന്‍ സെന്‍സര്‍ ബോര്‍ഡിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കവെ, ഡിജിറ്റല്‍ മീഡിയയിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിലെ പരിമിതികളാണ് പ്രസൂണ്‍ ജോഷി ചൂണ്ടിക്കാട്ടിയത്.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിയന്ത്രണം സങ്കീര്‍ണമാണെന്ന് ജോഷി പറഞ്ഞു. യൂട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വരുന്ന വീഡിയോകള്‍ പലപ്പോഴും സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷന്‍ നടപടികളിലൂടെ കടന്നുപോകുന്നതല്ലെന്നും ജോഷി.
സിനിമ ഔദ്യോഗികമായി സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തിയാല്‍ മാത്രമേ അതിലെ ഉള്ളടക്കത്തെക്കുറിച്ച് പ്രതികരിക്കാനോ നടപടിയെടുക്കാനോ ബോര്‍ഡിന് സാധിക്കൂ. സംവിധായകന്റെ സര്‍ഗാത്മക സ്വാതന്ത്ര്യവും സമൂഹത്തിന്റെ പ്രതീക്ഷകളും തമ്മില്‍ ബാലന്‍സ് ചെയ്യുക എന്നത് അതീവ ശ്രമകരമായ ജോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ വിജയ് നായകനാകുന്ന 'ജനനായകന്‍' എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് പ്രസൂണ്‍ ജോഷി ഒഴിഞ്ഞുമാറി. വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലായതിനാലാണ് അദ്ദേഹം പ്രതികരിക്കാന്‍ വിസമ്മതിച്ചത്.
'ടോക്സിക്' ടീസറിലെ ചില ദൃശ്യങ്ങള്‍ സ്ത്രീവിരുദ്ധമാണെന്നും തെറ്റായ സന്ദേശം നല്‍കുന്നു എന്നുമാണ് പരാതിക്കാരുടെ വാദം. ഗോവയിലെ ലഹരി മാഫിയയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചനകള്‍. സെന്‍സര്‍ ബോര്‍ഡിന്റെ കര്‍ശന നിലപാടുകള്‍ക്കിടയില്‍ 'ടോക്സിക്' എങ്ങനെ പുറത്തിറങ്ങും എന്നത് വരും ദിവസങ്ങളില്‍ കണ്ടറിയേണ്ടി വരും.